പ്രസിഡന്റിന് പാസ്‌വേഡ് നൽകുന്നില്ല; പഞ്ചായത്തിൽ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ പോര്

Share our post

ആലപ്പുഴ: മുഹമ്മ ഗ്രാമപ്പഞ്ചായത്തിൽ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ പോര്. സർക്കാർ ഉത്തരവുകളും മറ്റു വിവരങ്ങളും കംപ്യൂട്ടറിൽ നോക്കാൻ പാസ്‌വേഡ് പ്രസിഡന്റിനു നൽകാത്തതിനെതിരേ വ്യാഴാഴ്ച അജൻഡവെച്ച്‌ ചർച്ചചെയ്യുകയും ചെയ്തു. സെക്രട്ടറിക്കെതിരേ തദ്ദേശമന്ത്രിക്കും കളക്ടർക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. പ്രശ്നത്തിൽ സി.പി.എമ്മിലും രണ്ടുചേരിയായി പോരാട്ടം തുടരുകയാണ്.

സർക്കാർ ഉത്തരവുകളും സർക്കുലറുകളും സെക്രട്ടറി എടുത്ത് പ്രസിഡന്റിനെ അറിയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പല വിവരങ്ങളും സെക്രട്ടറി തന്നിൽ നിന്ന് മറച്ചുവെക്കുകയാണെന്നും അതുകൊണ്ടുതന്നെ മെയിൽ തുറക്കുന്നതിനുള്ള പാസ്‌വേഡ് നൽകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആക്ഷേപമുയർന്നിരിക്കുകയാണെന്നും ഇതിലെല്ലാം വിശദീകരണം നൽകേണ്ട ബാധ്യത തനിക്കാണെന്നും പ്രസിഡന്റ്‌ പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിന്റെ ഭരണത്തലവൻ പ്രസിഡന്റാണെന്നും സെക്രട്ടറി വെറും നടത്തിപ്പുകാരനാണെന്നും ഒരുവിഭാഗം അംഗങ്ങളും നിലപാടെടുത്തു. സി.പി.എമ്മിലെ സ്വപ്നാ ഷാബുവാണ് പ്രസിഡന്റ്.

സെക്രട്ടറിയും ഇടത് അനുഭാവിയാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ഭാരവാഹിയുമാണ്. സെക്രട്ടറിയുടെ നിലപാടിനെ പിന്തുണച്ച് പാർട്ടിയിലെ ഒരുവിഭാഗം രംഗത്തുണ്ട്. അതുതന്നെയാണ് പ്രസിഡന്റിനെ അനുസരിക്കാതിരിക്കാൻ കാരണമെന്ന് മറുവിഭാഗം സംശയിക്കുന്നുണ്ട്.

എന്തായാലും 20 അജൻഡവെച്ച് വ്യാഴാഴ്ച നടത്തിയ പഞ്ചായത്ത് കമ്മിറ്റി ഈ ഒറ്റ അജൻഡയിൽ ചുറ്റി തർക്കത്തിൽ അവസാനിക്കുകയായിരുന്നു. സെക്രട്ടറിക്കുവേണ്ടി സംസാരിച്ച അസി. സെക്രട്ടറിയോട് അംഗങ്ങൾ കയർക്കുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!