പച്ചത്തേങ്ങ വിലയിടിവ്; സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ തിരക്ക്

കണ്ണൂർ : പൊതുവിപണികളിൽ പച്ചത്തേങ്ങ വില വൻതോതിൽ കുറഞ്ഞു. കിലോയ്ക്ക് 22 രൂപയാണ് ഇപ്പോൾ നാളികേര കർഷകർക്ക് ലഭിക്കുന്നത്. ആഴ്ചകൾക്കുമുൻപ് 28 രൂപ വരെ ലഭിച്ച സ്ഥാനത്താണ് ഇത്രയും വിലക്കുറവ്. ഉയർന്ന വില ലഭിക്കുന്ന സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ വിൽക്കാനെത്തുന്നവരുെട തിരക്ക് ഇതോടെ കൂടി.
കൃഷിവകുപ്പും വി.എഫ്.പി.സി.കെ.യും ചേർന്ന് ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിൽനിന്ന് ഇപ്പോൾ പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്. സംഭരണ വില 34 രൂപയാണ്. കൂടാളി, ചാവശ്ശേരി, മാലൂർ, പേരാവൂർ, കോളയാട് എന്നീ വി.എഫ്.പി.സി.കെ. കർഷകസമിതികളും മുഴപ്പിലങ്ങാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, ആലക്കോട് കോക്കനട്ട് മാർക്കറ്റിങ് സൊസൈറ്റി എന്നിവയുമാണ് സംഭരിക്കുന്നത്.
പച്ചത്തേങ്ങ വിൽക്കാനുള്ള കർഷകർ അതത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രവുമായി സംഭരണകേന്ദ്രങ്ങളിൽ വിറ്റഴിക്കാം. അക്കൗണ്ടിലേക്ക് കേരഫെഡ് പണം നിക്ഷേപിക്കും.