സ്വർണക്കടത്തിന്‌ സഹായം; രണ്ട് കസ്റ്റംസ്‌ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Share our post

തിരുവനന്തപുരം : വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച രണ്ട്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥർ അറസ്റ്റിൽ. തിരുവനന്തപുരത്ത്‌ കസ്റ്റംസ്‌ ഇൻസ്‌പെക്ടർമാരായിരുന്ന അനീഷ്‌ മുഹമ്മദ്‌, നിതിൻ എന്നിവരെയാണ്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ (ഡി.ആർ.ഐ) അറസ്റ്റ്‌ ചെയ്‌തത്‌.

ഇരുവരുടെയും ഒത്താശയിൽ 80 കിലോയോളം സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്ന്‌ ഡി.ആർ.ഐ.ക്ക്‌ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫീസിലേക്ക്‌ വിളിപ്പിച്ചു. തുടർന്നാണ്‌ കസ്റ്റംസ്‌ ജീവനക്കാരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വർണക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് ഡി.ആർ.ഐയുടെ നിഗമനം. കഴിഞ്ഞ ദിവസവും 4.8 കിലോ സ്വർണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അതേദിവസം വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരാണ് സ്വർണം ക്ലിയർ ചെയ്ത് കൊടുത്തതെന്നാണ് വിവരം. സ്വർണക്കടത്തിന് ഒത്താശ ചെയ്തു. ഇവരുടെ അറിവോടെ വിവിധ റാക്കറ്റുകൾ വഴി വരുന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചുവെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

കഴിഞ്ഞയാഴ്‌ച ഇവർ മുഖാന്തിരം കടത്തിയ സ്വർണം പിടിച്ചതോടെ സ്വർണത്തിന്‌ പണം മുടക്കിയവർ കസ്റ്റംസ്‌ ഓഫീസിലെത്തി അനീഷും നിതിനുമായി വാക്കേറ്റമുണ്ടായി. ഇതിന്റെ ഓഡിയോ സന്ദേശവും പ്രചരിക്കുന്നുണ്ട്‌. 80 കിലോ സ്വർണം തങ്ങൾ കടത്തി തന്നതല്ലേയെന്ന്‌ ഒരുദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്‌. കഴിഞ്ഞ കുറേ കാലമായി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ സഹായത്തോടെ വിവിധ റാക്കറ്റുകൾ സ്വർണം കടത്തുന്നുവെന്ന ആക്ഷേപം നിലവിലുണ്ട്‌. സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!