ബിരുദഫലം വന്നിട്ടും സപ്ലിമെന്ററി ഫലമില്ല, വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് ഒരു വർഷം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അവസാനവർഷ ബിരുദപരീക്ഷാഫലം വന്നശേഷവും സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാവുന്നു. കഴിഞ്ഞമാസമാണ് അവസാന സെമസ്റ്റർ ഫലംവന്നത്.
എന്നാൽ, മുമ്പ് സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാർഥികളാണ് ശരിക്കും കുടുങ്ങിയത്. സപ്ലിമെന്ററി പരീക്ഷാഫലം സർവകലാശാല ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുകാരണം ഈ കുട്ടികൾക്ക് പുതിയ കോഴ്‌സുകൾക്കും പ്രവേശനപരീക്ഷകൾക്കും മറ്റും അപേക്ഷിക്കാനാവാത്ത സ്ഥിതിയാണ്.
സപ്ലിമെന്ററി പരീക്ഷയുടെ ഫലംവരാൻ ഇനിയും മൂന്നോ നാലോ മാസം വേണ്ടിവരും. അപ്പോഴേക്കും മറ്റു പ്രവേശനപരീക്ഷകൾക്കും കോഴ്‌സുകൾക്കും അപേക്ഷിക്കാനുള്ള സമയം കഴിയും. ഈ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാവുകയും ചെയ്യും.
സെമസ്റ്റർ സമ്പ്രദായം നടപ്പാക്കിയശേഷമാണ് കാലിക്കറ്റ് സർവകലാശാല സപ്ലിമെന്ററി പരീക്ഷകൾ സെമസ്റ്റർ പരീക്ഷയ്ക്കൊപ്പം നടത്താൻ തുടങ്ങിയത്. ഇതോടെയാണ് ഇവയുടെ ഫലപ്രഖ്യാപനവും വൈകിത്തുടങ്ങിയത്.
സെമസ്റ്റർ പരീക്ഷകളുടെ കൂടെ നടത്തുന്നതിനാൽ അതിന്റെ ഫലംവരുമ്പോൾ മാത്രമേ സപ്ലിമെന്ററിഫലവും പ്രസിദ്ധീകരിക്കൂ. വിജയം നേടാനാവാത്തവർക്കുപുറമെ ആരോഗ്യപ്രശ്നങ്ങളാൽ പരീക്ഷയെഴുതാൻ കഴിയാത്തവരും ഇംപ്രൂവ്‌മെന്റിനുള്ളവരും സപ്ലിമെൻററി പരീക്ഷ എഴുതാറുണ്ട്.
സെമസ്റ്റർ പരീക്ഷകളോടൊപ്പം നടത്തുന്ന സപ്ലിമെൻററി പരീക്ഷയുടെ പേപ്പറുകൾ മാറ്റിവെച്ച് അവ മാത്രം സമയത്തിന് പരിശോധിച്ചു ഫലം പ്രസിദ്ധീകരിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേയുള്ളൂവെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ലക്ഷക്കണക്കിന് കുട്ടികളെഴുതുന്ന പരീക്ഷയായതിനാലാണ് മൂല്യനിർണയം താമസിക്കുന്നതെന്നും എങ്കിലും എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പരീക്ഷാകൺട്രോളർ പറഞ്ഞു. പരീക്ഷാമൂല്യനിർണയം പൂർണമായും പുതിയരീതിയിലേക്ക് മാറുന്നതോടെ അടുത്തവർഷത്തോടെ പ്രശ്നം പരിഹരിക്കാനാവുമെന്ന് പരീക്ഷാകൺട്രോളർ വ്യക്തമാക്കി.