രാജ്യാന്തര വിമാന സർവീസ്, കണ്ണൂരിൽ സൗകര്യം ഒരുക്കാൻ നിർദേശിച്ചത് വ്യോമയാന മന്ത്രാലയം

കണ്ണൂർ : വിമാനത്താവളത്തിൽ രാജ്യാന്തര വിമാനങ്ങൾക്കും യാത്രക്കാർക്കും സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത് വ്യോമയാന മന്ത്രാലയം. സൗകര്യങ്ങളെല്ലാം ഒരുക്കി വിമാനത്താവളം പ്രവർത്തനം തുടങ്ങിയപ്പോൾ രാജ്യാന്തര വിമാനക്കമ്പനികൾ കണ്ണൂരിലേക്കു വരുന്നതിനു തടസ്സം നിൽക്കുന്നതും വ്യോമയാന മന്ത്രാലയം!. കണ്ണൂർ വിമാനത്താവളത്തിനു തത്വത്തിൽ അനുമതി നൽകിക്കൊണ്ട് സംസ്ഥാന സർക്കാരിനു വ്യോമയാന മന്ത്രാലയം അയച്ച കത്തിലാണു രാജ്യാന്തര വിമാനങ്ങൾക്കും രാജ്യാന്തര യാത്രക്കാർക്കുമുള്ള സൗകര്യം ഒരുക്കണമെന്നു നിർദേശിച്ചിരുന്നത്.
ഡിജിസിഎ ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഒന്നായാണ് ഇത് ഉൾപ്പെടുത്തിയത്. 2008 ഫെബ്രുവരി 19ന് അന്നത്തെ വ്യോമയാന മന്ത്രാലയ ഡയറക്ടർ അന്ന റോയ് ആണ് അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറി പി.ജെ.തോമസിന് ഈ കത്ത് അയച്ചിരുന്നത്.
നിർദേശങ്ങളെല്ലാം പാലിച്ചു വിമാനത്താവളം നിർമാണം പൂർത്തിയാക്കിയ ശേഷം പ്രവർത്തനം തുടങ്ങിയപ്പോൾ രാജ്യാന്തര വിമാന കമ്പനികൾക്ക് അനുമതി നിഷേധിച്ചതാണു കണ്ണൂരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുന്നില്ലെന്നതു മാത്രമല്ല, ഇന്ത്യൻ വിമാന കമ്പനികൾക്ക് കോഡ് ഷെയറിങ് വഴി കണ്ണൂരിൽ നിന്നു രാജ്യാന്തര സർവീസുകൾ നടത്താനും വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ഇന്ത്യൻ വിമാനക്കമ്പനികൾക്കു മാത്രമേ കണ്ണൂരിൽ നിന്നു സർവീസ് നടത്താൻ അനുമതി നൽകൂ എന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.
എന്നാൽ കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യൻ വിമാന കമ്പനികൾക്കു കഴിയുന്നുമില്ല.
ആദ്യം എയർ ഇന്ത്യയും പിന്നീട് ഗോ ഫസ്റ്റും കണ്ണൂരിൽ നിന്നുള്ള സർവീസുകൾ നിർത്തിയതോടെ രണ്ടു വിമാനക്കമ്പനികൾ മാത്രമാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ഇൻഡിഗോയ്ക്ക് ആണെങ്കിൽ ദോഹ സർവീസ് മാത്രമാണുള്ളത്. അതും ആഴ്ചയിൽ 5 ദിവസം മാത്രം!