ജ്ഞാനോദയത്തിലിപ്പോഴും റേഡിയോ പാടുന്നു

Share our post

പാനൂർ: നാടിനെ റേഡിയോ വാർത്തകളാൽ ഉണർത്തിയ സാംസ്‌കാരിക സ്ഥാപനത്തിന്‌ എഴുപത്തഞ്ചിന്റെ പകിട്ട്‌. പാലത്തായി ജ്ഞാനോദയ വായനശാലയാണ്‌ ഒരു പ്രദേശത്തിനാകെ ഏഴര പതിറ്റാണ്ടായി വായനലോകം തുറക്കുന്നത്‌. ഒരു വർഷം നീളുന്ന വാർഷികാഘോഷ വേളയിൽ നാടിന്റെ വികസന പ്രവർത്തനത്തിനടക്കമുള്ള പരിപാടികളുമായി മുന്നോട്ടുപോകുകയാണ്‌ ജ്ഞാനോദയ.

പാലത്തായി ഗ്രാമത്തിൽ പരിവർത്തനങ്ങളുടെ വിത്തുകൾ പാകിയ പ്രാദേശിക കൂട്ടായ്മയിലാണ്‌ ജ്ഞാനോദയ രൂപപ്പെട്ടത്‌. 1947ൽ വാടക കെട്ടിടത്തിലായിരുന്നു തുടക്കം. 1950ൽ കെ .പി രാഘവൻ മാസ്റ്റർ സൗജന്യമായി നൽകിയ ഭൂമിയിൽ ഷെഡ് പണിത്‌ ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. പ്രഥമ കമ്മിറ്റിയുടെ പ്രസിഡന്റ്‌ കെ. പി പത്മനാഭൻ നായരും സെക്രട്ടറി കെ. പി രാഘവൻ മാസ്റ്ററുമായിരുന്നു.

1955ലാണ്‌ വായനശാലയിൽ റോഡിയോ സ്ഥാപിച്ചത്‌. ശബ്ദത്തിലുള്ള റോഡിയോ വാർത്തകളും പരിപാടികളും പ്രദേശത്തിന് പുത്തനുണർവ് നൽകി. 1961 ൽ കേരള ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്തു. 1989 ലും രണ്ടായിരത്തിലും കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു.1989ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ചന്ദ്രശേഖരനായിരുന്നു ഉദ്ഘാടകൻ.

2000ൽ രാജാറാം മോഹൻ റോയ് ഫൗണ്ടേഷനിൽനിന്നു മനുവദിച്ച തുകയിൽ ഒന്നാംനില പണിതു. കടമ്മനിട്ട രാമകൃഷ്ണനായിരുന്നു ഉദ്ഘാടകൻ.വനിതകൾക്ക് കംപ്യൂട്ടർ പരിശീലനം, വനിത, യുവജന, വയോജന, ബാലജന വേദികൾ, അയൽകൂട്ടം, ചലചിത്ര ക്ലബ്‌, സാഹിതീയം എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ വായനശാല എന്നും ജനങ്ങൾക്കൊപ്പമാണ്‌.

പൊതുസംവാദം , കഥാ–- -കവിത ചർച്ച, വിദ്യാർഥികൾക്കുള്ള സാഹിത്യ മത്സരം എന്നിങ്ങനെ പ്രവർത്തനങ്ങളുടെ നിര നീളും. 2019ൽ ഗ്രന്ഥാലയം കംപ്യൂട്ടർവൽക്കരിച്ചു. കെ പി മോഹനൻ എം.എൽ.എ രണ്ടു കംപ്യൂട്ടറും പ്രിന്ററും ഗ്രന്ഥാലയത്തിന് നൽകി. എൽ.സി.ഡി പ്രെജക്ടറും ലാപ്ടോപ്പും കെ. കെ. ശൈലജയുടെ എം.എൽ.എ ഫണ്ടിൽനിന്ന്‌ അനുവദിച്ചു. 13,000 പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിന്‌ 2022ൽ എ പ്ലസും ജിവി ബുക്സ് പുരസ്കാരവും ലഭിച്ചു. രാജു കാട്ടുപുനം പ്രസിഡന്റും കെ .പി അനീഷ് സെക്രട്ടറിയുമാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!