ഭാഗ്യക്കുറി കടയിൽ ഒറ്റ നമ്പർ ചൂതാട്ടം; സ്ത്രീ അറസ്റ്റിൽ

എരുമപ്പെട്ടി: സംസ്ഥാന ഭാഗ്യക്കുറി വിൽപന നടത്തുന്ന കടയിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറങ്ങോട്ടുകര കടുകശ്ശേരി ചങ്കരത്തു വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ശോഭയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തളി സെന്ററിലുള്ള കൃഷ്ണസാഗർ എന്ന ലോട്ടറി കടയിലാണ് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയത്.
പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലുള്ള ലോട്ടറി ഏജൻസി മുഖേനയാണ് ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം നടത്തിയത്. ഉപയോഗിച്ച മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച എരുമപ്പെട്ടി എസ്.ഐ ടി.സി അനുരാജും സംഘവുമാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ഓമന, സി.പി.ഒമാരായ കെ. സഗൂൺ, സുബിൻ, എസ്.സി.പി.ഒമാരായ ജിജി, കെ.എ. ഷാജി, എ. ജയ, മുഹമ്മദ് ഷെരീഫ് എന്നിവരും അന്വേഷണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടോളം പേരെ നാലു കേസുകളിലായി എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.