ക്ഷീണം മാറുന്നില്ലേ; പ്രഭാതഭക്ഷണത്തില്‍ ഇവ ശ്രദ്ധിക്കാം

Share our post

പലപ്പോഴും ജോലിത്തിരക്കുകളില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. ചിലരാകട്ടെ ചെറിയ സ്‌നാക്‌സുകളിലും ചായയിലും ഇതൊതുക്കും. എന്നിട്ടും പിന്നീടുള്ള ഭക്ഷണം നന്നായി കഴിക്കുകയും ചെയ്യും. പക്ഷെ ഇത്രയൊക്കെ ഭക്ഷണം കഴിച്ചിട്ടും ക്ഷീണവും തളര്‍ച്ചയും മാറുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞുവെക്കാം.

രാവിലെ എഴുന്നേറ്റാല്‍ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് മെറ്റബോളിസം എളുപ്പമാകാന്‍ സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് സഹായിക്കും. നാരങ്ങയും തേനും ചേര്‍ത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

വെള്ളം ധാരാളം കുടിക്കുക എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇവ ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം എളുപ്പമാക്കാനും ഗുണം ചെയ്യും. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. വെള്ളം നന്നായി കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പ്രഭാതഭക്ഷണത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം ആവശ്യമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിപിക്കുകയും ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യുന്നു.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
രാവിലെ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. ഉയര്‍ന്ന തോതില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കും. കലോറി കൂടാനും കാരണമാകും. അതിനാല്‍ മധുര പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!