മാലിന്യം തള്ളിയത് അറിയിച്ചു; ആദ്യ പാരിതോഷികം കണ്ണൂർ സ്വദേശിക്ക്

ആലുവ: മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരള ത്തിലെ ആദ്യ കേസ് ആലുവ ചോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു.മാലിന്യം തളളിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മാലിന്യം കൊണ്ടുവന്ന വാഹനം പിടിച്ചെടുത്ത് കോടതിയിൽ നല്കി.
കൊച്ചിയിൽ നിന്നുള്ള ഹോട്ടൽ മാലിന്യം പുലർച്ചെ നാലിന് പിക്കപ്പ് വാഹനത്തിൽ കൊണ്ടുവന്ന് ആലുവ -എറണാകുളം പാതയിലെ മുട്ടത്ത് തള്ളുന്നതിനിടെ ആലുവ ഉളിയന്നൂർ കാടിപ്പറമ്പ് ബിൻഷാദ് (35), ചെങ്ങമനാട് പാലപ്രശ്ശേരി തച്ചകത്ത് ടി.ബി. സമീർ (40) എന്നിവരാണ് പിടിയിലായത്. കെ.എൽ 29 ബി 7710 നമ്പർ പിക്കപ്പ് വാഹനം പിടിച്ചെടുത്തു.
സംഭവ സമയം ഇതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശി ആണ് വീഡിയോ വാട്ട്സ് ആപ്പിൽ അയച്ചത്.ഉടൻ പൊലീസ് സംഘം എത്തി പ്രതികളെ പിടികൂടി. വിവരം നൽകിയയാൾക്ക് പാരിതോഷികം നൽകാൻ പോലീസ് ശുപാർശ ചെയ്തു. അടുത്തിടെ തദ്ദേശഭരണ വകുപ്പു നടപ്പാക്കിയതാണ് മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള വിവരങ്ങളും വീഡിയോയും വാട്സാപ് വഴി നൽകാനുള്ള സംവിധാനം.