മോൻസൺ ഇ .ഡിക്ക് നൽകിയ വിവരങ്ങളിൽ സ്ത്രീവിഷയങ്ങൾക്കൊപ്പം സാമ്പത്തിക ഇടപാടുകളും

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴിയിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും സിനിമാ പ്രമുഖരും ഉണ്ടെന്ന് സൂചന.
പല പേരുകളും മുമ്പ് പരാമർശിക്കപ്പെട്ടവയല്ല. സ്ത്രീവിഷയങ്ങളും പല പ്രമുഖരുമായുള്ള സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും മൊഴിയിലുണ്ടെന്ന് സൂചനയുണ്ട്.ജയിലിൽ കഴിയവേ മോൻസൺ 2022 ഡിസംബറിൽ നൽകിയ പരാതിയിൽ, കഴിഞ്ഞ ജനുവരിയിൽ തൃശൂർ ഹൈ സെക്യൂരിറ്റി ജയിലിലായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്.
സാമ്പത്തിക ഇടപാടുകളുടെ സമ്പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറിയും മറ്റ് രേഖകളും കൈമാറിയെന്ന് മോൻസൺ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ച് ഇ.ഡി വേണ്ടവിധം അന്വേഷണം നടത്തിയിട്ടില്ലെന്നും വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മോൻസണിന്റെ അഭിഭാഷകൻ എം.ജി. ശ്രീജിത്ത് പറഞ്ഞു.
അടുത്തയാഴ്ച ഹർജി ഫയൽ ചെയ്തേക്കും.മോൻസൺ പ്രതിയായ പോക്സോ കേസിൽ ശനിയാഴ്ച പ്രത്യേക പോക്സോ കോടതി വിധിപറഞ്ഞേക്കും. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന മൂന്നു കേസുകളിൽ ഒന്നിലാണിത്. ജീവനക്കാരിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും വിചാരണയിലുണ്ട്.