നേട്ടങ്ങൾ വേഗത്തിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്‌

Share our post

തിരുവനന്തപുരം : സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ച്‌ വികസനം ത്വരിതപ്പെടുത്താനും ഭരണനേട്ടങ്ങൾ ജനങ്ങളിൽ വേഗമെത്തിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്‌. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നാല്‌ മേഖലാ അവലോകന യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമാകും ഊന്നൽ. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരുടെ യോഗവും ചേരും. മേഖലാ യോഗങ്ങളിൽ പരി​ഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30നുമുമ്പ് കലക്ടർമാർ തയ്യാറാക്കും.

അവലോകനം ഇങ്ങനെ

അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടെയും പരിപാടികളുടെയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പുരോഗതി, മുടങ്ങിക്കിടക്കുന്നവ ഉണ്ടെങ്കിൽ കാരണവും പരിഹാര നിർദേശവും, ആരംഭിക്കാനിരിക്കുന്നവ ഉണ്ടെങ്കിൽ അവയുടെ തൽസ്ഥിതിയും തടസ്സങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അവയുടെ പരിഹാര നിർദേശവും, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ തുടങ്ങിയവയാണ്‌ ആദ്യഘട്ടത്തിൽ പരിഗണിക്കുക.

പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ പുരോഗതി , പൊതുവിദ്യാലയങ്ങൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ, സിവിൽ സ്റ്റേഷനുകൾ ഉൾപ്പെടെ പൊതുസ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, സർക്കാരിന്റെ നാല് മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, ലൈഫ്/പുനർഗേഹം പദ്ധതിയുടെ സ്ഥിതിവിവരം, മലയോര / തീരദേശ ഹൈവേ, ദേശീയ ജലപാത പരോഗതി തുടങ്ങിയ കാര്യങ്ങളാണ്‌ അവലോകനം ചെയ്യുക. ഇതിനുമുമ്പായി കലക്ടർമാർ ജില്ലാതല ശിൽപ്പശാല സംഘടിപ്പിക്കും.

മൂന്നായി തരംതിരിക്കും

അവലോകന യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെ മൂന്നായി തരംതിരിക്കും. സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചർച്ചചെയ്ത് പരിഹരിക്കാവുന്നവ എന്നിവ ആദ്യതരത്തിൽ ഉൾപ്പെടുത്തും. ജില്ലകളിൽ പരിഹരിക്കാവുന്നവ, ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ എന്നിവയെ രണ്ടാംതരത്തിലാക്കും. രണ്ടിലും ഉൾപ്പെടാത്തവ പ്രത്യേകം പരിഗണിക്കും.

48 മണിക്കൂറിനുള്ളിൽ ഉത്തരവ്‌

ഓരോ മേഖലയിലും അവലോകന യോഗത്തിന്റെ ആദ്യഘട്ടത്തിൽ ചീഫ് സെക്രട്ടറിയും വകുപ്പുസെക്രട്ടറിമാരും പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. തീരുമാനത്തിൽ 48 മണിക്കൂറിനുള്ളിൽ ഉത്തരവിറക്കും. കലക്ടർമാർ ജില്ലാതലത്തിൽ കണ്ടെത്തുന്ന വിഷയങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പുസെക്രട്ടറിമാർക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകൾക്ക് നടപടിയായി കൈമാറുന്നതിനും പ്രത്യേകം സോഫ്റ്റ് വെയറും തയ്യാറാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!