‘ഒരമ്മയും ഇതുപോലെ ചതിക്കപ്പെടരുത്, എനിക്ക് നഷ്ടമായത് ഏറ്റവും മിടുക്കനായ മകനെ’ – എബിന്റെ അമ്മ

ഇടുക്കി: എറണാകുളം ലേക്‌ഷോര്‍ ആസ്പത്രിയിലെ മസ്തിഷ്‌ക മരണത്തില്‍ അന്വേഷണം വേണമെന്ന് മരിച്ച എബിന്റെ(18) അമ്മ ഓമന. അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് തനിക്കെന്നും ഓമന കൂട്ടിച്ചേര്‍ത്തു. മകന്‍ മരിച്ചപ്പോള്‍ ഉണ്ടായതിനെക്കാള്‍ വലിയ ദുഃഖമാണ് തനിക്ക് ഇപ്പോള്‍. അന്ന് ആസ്പത്രിയുടെ നടപടിയെ താന്‍ സംശയിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
‘കുഞ്ഞ് രക്ഷപ്പെടില്ല. ഓപ്പറേഷനും കാര്യങ്ങളുമൊന്നും സക്‌സസ് ആവില്ല. ഷുഗറും പ്രെഷറും ഒക്കെ താഴ്ന്നാണ് നില്‍ക്കുന്നത്. ഏതാണ്ട് നാലുലക്ഷം രൂപ വേണം അങ്ങനെയൊക്കെ പറഞ്ഞു. കമ്പനി, പണം നല്‍കി ഓപ്പറേഷന്‍ ചെയ്യാന്‍ തയ്യാറായെന്ന വിവരമാണ് ഞങ്ങള്‍ അറിഞ്ഞത്.
എന്നാല്‍ പ്രഷറും ഷുഗറും നോര്‍മല്‍ ആകാത്തതിനാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്നുള്ള സാഹചര്യത്തില്‍ എന്നോടു സംസാരിച്ചു. വെന്റിലേറ്റര്‍ ഊരിക്കഴിഞ്ഞാല്‍ കുഞ്ഞ് മരിച്ചു പോകുമെന്ന് പറഞ്ഞു. ചേച്ചിയുടെ കുഞ്ഞ് എന്തായാലും മരിച്ചു പോവുകയല്ലേ ഉള്ളൂ, ദാനം (അവയവം) ചെയ്യാമോ എന്നു ചോദിച്ചു.
എന്റെ കുഞ്ഞ് മരിച്ചു പോവുകയേ ഉള്ളൂവെങ്കില്‍ ആരെങ്കിലും രക്ഷപ്പെടട്ടേ അവരെ എങ്കിലും എനിക്ക് കാണാല്ലോ എന്നുള്ളതിനാല്‍ ദാനം ചെയ്‌തോളാന്‍ പറഞ്ഞു. അതിനു ശേഷം പേനയും പേപ്പറുമായി വന്ന് ഒപ്പിടാന്‍ പറഞ്ഞു. പിറ്റേദിവസം കുഞ്ഞ് മരിച്ചു.
അരമന പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അന്നൊന്നും ഒരു സംശയവും തോന്നിയിരുന്നില്ല. എന്റെ കുഞ്ഞ് മരിച്ചത് ചികിത്സ കൊടുക്കാത്തതു കൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷേ അന്നത്തെക്കാള്‍ കൂടുതല്‍ വിഷമം ഇന്ന് തോന്നുന്നുണ്ട്.
എല്ലാ ചികിത്സയും കൊടുത്തു രക്ഷപ്പെടുത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അത് ചെയ്തത് (അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുകൊടുത്തത്). ഒരു ആസ്പത്രിക്കാരെയും നമ്മള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ പാടില്ല. ഒരു അമ്മമാര്‍ക്കും ഈ ചതിവ് പറ്റരുത്. എനിക്ക് ഏറ്റവും മിടുക്കനായ മകനാണ് നഷ്ടപ്പെട്ടു പോയത്’, ഓമന മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
എബിന്റെ മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയില്‍ ലേക്‌ഷോര്‍ ആസ്പത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരേ സമന്‍സ് അയയ്ക്കാന്‍ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയാണ് ആസ്പത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി സമന്‍സിന് ഉത്തരവിട്ടത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എല്‍ദോസ് മാത്യുവാണ് കേസ് പരിഗണിച്ചത്.
2009 നവംബര്‍ 29-നാണ് കേസിനാസ്പദമായ സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ എബിനെ ആദ്യം കോതമംഗലത്തെ ആസ്പത്രിയിലും പിന്നീട് എറണാകുളത്തെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഡിസംബര്‍ ഒന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
വൃക്കയും കരളും മറ്റൊരാളില്‍ മാറ്റിവെക്കുകയും ചെയ്തു. എബിന് ആവശ്യമായ ചികിത്സ നല്‍കുന്നതില്‍ ആസ്പത്രി അധികൃതര്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതിയാണ് പരാതി നല്‍കിയത്. യുവാവിനെ പ്രവേശിപ്പിച്ച ആസ്പത്രികളില്‍ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതിക്കാരന്‍ വ്യക്തമാക്കുന്നത്. നിയമം ലംഘിച്ച് യുവാവിന്റെ അവയവം ഒരു വിദേശ പൗരനില്‍ മാറ്റിവെച്ചതായും പരാതിയിലുണ്ട്.