മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഒമ്പതു പേർ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Share our post

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാമെന്‍ലോക് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്.

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഒമ്പതുപേരും കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മാരകമായ മുറിവുകളും വെടിയേറ്റ ഒന്നിലധികം പാടുകളും കണ്ടെത്തിയിട്ടുണ്ട്.

പരിക്കേറ്റ പലരും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വിവിധ പ്രദേശങ്ങളിൽ കര്‍ഫ്യൂവിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിച്ചു.

മണിപുരില്‍ മെയ്തി, കുകി സമുദായാംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് ഏതാനും ദിവസങ്ങളായി അയവുവന്നിരുന്നു.

സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

സംഘർഷത്തെ തുടർന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിനുപേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!