പറശ്ശിനിക്കടവ് സ്നെയ്ക്ക് പാർക്കിലെ പെരുമ്പാമ്പിന് 23 കുഞ്ഞുങ്ങൾ

പറശ്ശിനിക്കടവ് : സ്നെയ്ക്ക് പാർക്കിലെ പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞുണ്ടായത് 23 കുഞ്ഞുങ്ങൾ. പറശ്ശിനിക്കടവ് എം.വി.ആർ സ്നെയ്ക്ക് പാർക്ക് ആൻഡ് സൂവിലെ ‘കാ’ എന്ന പെരുമ്പാമ്പിനാണ് കുഞ്ഞുങ്ങൾ വിരിഞ്ഞത്. ഏപ്രിൽ ഏഴിനാണ് 32 മുട്ടകളിട്ടത്. 23 എണ്ണമാണ് വിരിഞ്ഞത്. പെരുമ്പാമ്പുകൾ അടയിരിക്കാറുണ്ടെങ്കിലും സ്നെയ്ക്ക് പാർക്കിൽ മുട്ടകൾ പ്രത്യേകം വിരിയിക്കുകയായിരുന്നു.
65 ദിവസമെടുത്താണ് മുട്ടകൾ വിരിഞ്ഞത്. എഴുത്തുകാരൻ റുഡ്യാർഡ് കിപ്പ്ലിങ്ങിന്റെ പ്രശസ്തമായ ജംഗിൾബുക്കിലെ പാമ്പിന്റെ പേരായ ‘കാ’പറശ്ശിനിക്കടവിലെ പെരുമ്പാമ്പിനും വിളിക്കുകയായിരുന്നു. ‘മാനസ’ എന്ന പേരുള്ള അണലി 25 കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. റാൻ, ഇവ, നോവ എന്നീ എമു കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന വിറ്റാക്കർ മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങൾ, വാസുകി, മാനസ എന്നീ അണലി കുഞ്ഞുങ്ങൾ തുടങ്ങി നിരവധി പുതിയ അതിഥികൾ സ്നെയ്ക്ക് പാർക്കിൽ എത്തിയിട്ടുണ്ട്.