എം.വി. വസന്തിന് കളത്തിൽ രാമകൃഷ്ണൻ മാധ്യമ പുരസ്കാരം

കാസർഗോഡ്: മാധ്യമ പ്രവർത്തകരായിരുന്ന കളത്തിൽ രാമകൃഷ്ണൻ,മുത്തലിബ് എന്നിവരുടെ പേരിൽ കാഴ്ച കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ മാധ്യമ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
ദീപിക പാലക്കാട് ബ്യുറോ ചീഫ് എം.വി. വസന്തിനാണ് കളത്തിൽ രാമകൃഷ്ണ് മാധ്യമ പുരസ്കാരം.ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ച “അട്ടപ്പാടിയിലെ ആദിവാസി ശൈശവ വിവാഹങ്ങൾ’ എന്ന പരന്പരയാണ് അവാർഡിന് അർഹനാക്കിയത്.
സായാഹ്ന പത്രത്തിൽ ഉത്തരദേശം ലേഖകൻ ഷാഫി തെരുവത്തിനാണ് മുത്തലിബ് അവാർഡ്. ഉത്തരദേശത്തിൽ പ്രസിദ്ധീകരിച്ച “ലഹരിയിൽ അമരുന്ന യുവത്വം’ എന്ന ലേഖന പരന്പരയാണ് അവാർഡിന് അർഹനാക്കിയത്.
പ്രമുഖ മാധ്യമ പ്രവർത്തകരായ റഹ്മാൻ തായലങ്ങാടി, ജോർജ് പൊയ്കയിൽ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂൺ 15ന് കാസർഗോഡ് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാർഷിക സർവകലാശാല പ്രഫസർ ഡോ. ശ്രീകുമാർ കളത്തിൽ രാമകൃഷ്ണൻ അനുസ്മരണവും ടി.എ.ഷാഫി മുത്തലിബ് അനുസ്മരണവും നിർവഹിക്കും.
2003 മുതൽ ദീപികയിൽ പ്രവർത്തിക്കുന്ന വസന്ത് 2016 ലെ സംസ്ഥാന സർക്കാർ മാധ്യമ അവാർഡ്, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
റീച്ച് യുഎസ്എഐഡി മീഡിയ ദേശീയ ഫെലോഷിപ്പ്, നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ദേശീയ ഫെലോഷിപ്പ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്, കേരള വനിതാ കമ്മീഷൻ ഫെലോഷിപ്പ്, കെ.പി. ഗോപിനാഥ് സ്മാരക അവാർഡ്, ബ്രെയിൻസ് മീഡിയ അവാർഡ്, നിബ് അവാർഡ്, അംബേദ്കർ നാഷണൽ എക്സലൻസ് അവാർഡ്, തിക്കുറുശി മാധ്യമ അവാർഡ്, പ്രേംനസീർ മാധ്യമ അവാർഡ്, രാഷ്ട്രീയ നിർമാണ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.