ഒരു ലോറിക്ക് 3,000 രൂപ കൈക്കൂലി, ആയിരത്തിന് ഉറപ്പിച്ചു; ആവശ്യപ്പെട്ടത് 30 ലോറികളുടെ പണം

Share our post

ഹരിപ്പാട്: ദേശീയപാതാ നിര്‍മാണത്തിനായി മണ്ണെത്തിക്കുന്ന ടോറസ് ലോറികളുടെ ഉടമയില്‍നിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയും ഇടനിലക്കാരനെയും വിജിലന്‍സ് സംഘം പിടികൂടി.

ആലപ്പുഴ ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എ.എം.വി.ഐ. എസ്. സതീഷ്, ഇടനിലക്കാരന്‍ സജിന്‍ ഫിലിപ്പോസ് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം 6.10-നു ഹരിപ്പാട് മാധവ ജങ്ഷനില്‍ സജിന്‍ ഫിലിപ്പോസ് ലോറിയുടമയില്‍നിന്നു വാങ്ങിയ പണം സതീഷിനു കൈമാറുമ്പോഴായിരുന്നു അറസ്റ്റ്.

മണ്ണുലോറികളില്‍ അമിതഭാരം കയറ്റുന്നതായി ആരോപിച്ച് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ തടയുന്നുണ്ടായിരുന്നു. വന്‍പിഴയും ഈടാക്കിയിരുന്നു. അടുത്തിടെ എസ്. സതീഷിന്റെ നേതൃത്വത്തില്‍ രണ്ടുവണ്ടികള്‍ക്ക് 42,000 രൂപ പിഴയീടാക്കി.

ഇതേത്തുടര്‍ന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും അമിതഭാരത്തിന്റെ പേരില്‍ നടപടി തുടര്‍ന്നു. ഇതിനിടെ, സതീഷ് ചില ലോറിയുടമകളില്‍നിന്ന് വണ്ടിയൊന്നിനു പ്രതിമാസം 3,000 രൂപവീതം കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശലിനൊടുവില്‍ 1,000 രൂപയാക്കി കുറയ്ക്കാന്‍ സമ്മതിച്ചു. ഇങ്ങനെ 30 ലോറികള്‍ക്കായി 30,000 രൂപ തിങ്കളാഴ്ച നല്‍കണമെന്നാണ് ഇയാളാവശ്യപ്പെട്ടത്.

ലോറിയുടമ ഇക്കാര്യം കോട്ടയം വിജിലന്‍സ് എസ്.പി.യെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുമായി പരാതിക്കാരന്‍ മാധവ ജങ്ഷനില്‍ കാത്തുനിന്നു. ഇടനിലക്കാരനായ സജിന്‍ ഫിലിപ്പോസ് പണം വാങ്ങിയപ്പോഴേക്കും സതീഷ് ഔദ്യോഗികവാഹനത്തില്‍ സ്ഥലത്തെത്തുകയായിരുന്നു.

ദേശീയപാതാ നിര്‍മാണം: പോലീസിനും എം.വി.ഡി.ക്കും ചാകര

ഹരിപ്പാട്: ദേശീയപാതാ നിര്‍മാണത്തിന് മണ്ണും മറ്റു നിര്‍മാണസാമഗ്രികളും എത്തിക്കുന്ന വാഹനങ്ങള്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും ചാകരയാണ്. അമിതഭാരം ആരോപിച്ചാണ് ഈ വാഹനങ്ങള്‍ പിടികൂടുന്നത്. വലിയ പിഴയും ചുമത്തും. പിന്നീട്, ഭീഷണിപ്പെടുത്തി വലിയതുക വാങ്ങുകയാണെന്നാണു പരാതി.

ദേശീയപാതാ നിര്‍മാണത്തിനു കരാറെടുത്തിരിക്കുന്ന കമ്പനിയില്‍നിന്ന് ഉപകരാര്‍ നേടിയവരാണ് മണ്ണും മറ്റും സ്ഥലത്തെത്തിക്കുന്നത്. കായംകുളം കൊറ്റുകുളങ്ങര മുതല്‍ പറവൂര്‍ വരെയുള്ള ഭാഗത്ത് റോഡുനിര്‍മാണത്തിനായി പത്തനംതിട്ട ജില്ലയില്‍നിന്ന് മണ്ണെത്തിച്ചുതുടങ്ങിയ ആദ്യദിവസംതന്നെ കായംകുളത്ത് 36 ടോറസ് ലോറികളാണ് പോലീസ് പിടിച്ചിട്ടിത്.

അമിതഭാരം ആരോപിച്ച് വലിയ പിഴയും ഈടാക്കി. പിന്നീട് ടോറസ് ലോറി ഒഴിവാക്കിയാണ് കരാറുകാര്‍ മുന്നോട്ടുപോയത്. വലിയ മത്സരം നടക്കുന്ന മേഖലയായതിനാല്‍ നിരക്കു കുറച്ചാണ് ലോറിക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള കരാറെടുക്കുന്നത്. ഇതിനാല്‍ ഉദ്യോഗസ്ഥര്‍ വലിയ പിഴ ഈടാക്കുമ്പോള്‍ ഉടമകള്‍ക്കു ബാധ്യതയുണ്ടാകും. ഇതിനാലാണ് പലരും ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതരാകുതെന്ന് ലോറിയുടമകള്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!