കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം-പഠനം

Share our post

മദ്യപാനം ആരോ​ഗ്യത്തെ എങ്ങനെ ഹാനികരമായി ബാധിക്കുന്നു എന്നത് സംബന്ധിച്ച നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കൗമാരക്കാരിലെ അമിത മദ്യപാനത്തെക്കുറിച്ച് ഉള്ള ഒരു പഠനമാണ് ശ്രദ്ധ നേടുന്നത്.

കൗമാരക്കാരിലെ അമിത മദ്യപാനശീലം അവരിലെ ന്യൂറോണുകളുടെയും മസ്തിഷ്കത്തിലെ കോശങ്ങളുടെയും സ്ഥായിയായ തകരാറിന് കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്.

ന്യൂറോഫാർമകോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. പെൻസിൽവാനിയ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. കൗമാരകാലഘട്ടത്തിൽ മദ്യത്തോട് അടിമപ്പെടുന്നത് മസ്തിഷ്ക കോശങ്ങളെ സാരമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്.

മസ്തിഷ്കം വികസിച്ചു കൊണ്ടിരിക്കുന്ന പ്രായമാണത്. അതിനാൽ തന്നെ ഈ കാലഘട്ടത്തിലെ മദ്യപാനം മസ്തിഷ്കത്തിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാക്കാമെന്നും സി​ഗ്നലുകൾ നൽകുന്നതിലും ആശയവിനിമയം നടത്തുന്നതിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടാമെന്നും പഠനത്തിൽ പറയുന്നു.

ഇത് ദീർഘകാല അടിസ്ഥാനത്തിലുള്ള പെരുമാറ്റ മാറ്റങ്ങൾക്ക് കാരണമാകാം എന്നാണ് പഠനം പറയുന്നത്. കൗമാരത്തിലെ അമിത മദ്യപാനം ന്യൂറോണുകളുടെ പ്രവർത്തനത്തെ തകരാറിലാക്കിയാൽ പിന്നീട് മദ്യപാനം നിർത്തിയാൽപ്പോലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താൻ കഴിയില്ല എന്നാണ് പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിലെ ബയോളജി ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിങ് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറായ നിക്കി ക്രൗളി പറയുന്നത്.

ആസൂത്രണം , തീരുമാനമെടുക്കൽ , അപകടസാധ്യത വിലയിരുത്തൽ, പെരുമാറ്റം നിയന്ത്രിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാ​ഗമാണ് പ്രിഫ്രോണ്ടൽ കോർടെക്സ്( prefrontal cortex). ഇരുപത്തിയഞ്ചു വയസ്സു പ്രായമാകും വരെ ഇത് വികസിച്ചു കൊണ്ടിരിക്കുകമെന്നും കൗമാരക്കാരിൽ പൂർണവളർച്ച എത്തിയിട്ടുണ്ടാകില്ല എന്നും നിക്കി ക്രൗളി പറയുന്നു. അതിനാൽ തന്നെ ഈ ഘട്ടത്തിലെ മദ്യത്തിന് അടിമപ്പെടുന്നത് ന്യൂറോണുകളുടെ പ്രവർത്തനത്തിൽ തകരാറുണ്ടാക്കുമെന്നും ക്രൗളി പറയുന്നു.

മദ്യത്തിന് അടിമപ്പെടുന്നത് എല്ലാ പ്രായക്കാരിലും പ്രശ്നകരമാണ്, അതൊഴിവാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ കൗമാരക്കാരുടെ മസ്തിഷ്കം അമിതമദ്യപാനത്തോടെ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും അത് കാലങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യുന്നു.-നിക്കി ക്രൗളി പറയുന്നു.

മിതമായ അളവിൽ മദ്യപിച്ചാൽ പോലും അറുപതോളം വിവിധ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്ന് പങ്കുവെക്കുന്ന മറ്റൊരു പഠനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. യു.കെ.യിലെ ഓക്സ്ഫഡ് സർവകലാശാലയിലെയും ചൈനയിലെ പീക്കിങ് യൂണിവേഴ്സിറ്റിയിലെയും ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നേച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 207 രോ​ഗങ്ങൾ സ്ഥിരീകരിക്കപ്പെട്ടതിൽ അറുപതെണ്ണവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുകയായിരുന്നു.

മദ്യപാനവുമായി ബന്ധപ്പെട്ട് നേരത്തെ ലോകാരോ​ഗ്യസംഘടന പുറത്തുവിട്ടിരുന്ന ഇരുപത്തിയെട്ടോളം രോ​ഗങ്ങളെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്. ലിവർ സിറോസിസ്, സ്ട്രോക്ക്, ​ഗ്യാസ്ട്രോഇന്റെസ്റ്റനൽ കാൻസറുകൾ തുടങ്ങിയവയാണ് അവ. അതിനു പുറമെയാണ് ​സന്ധിവാതം, ഫ്രാക്ചറുകൾ, ​ഗ്യാസ്ട്രിക് അൾസർ, തിമിരം തുടങ്ങിയവയും ഉൾപ്പെടുന്നുണ്ടെന്ന് ​ഗവേഷകർ കണ്ടെത്തിയത്.

അടുത്തിടെ ലോകാരോ​ഗ്യസംഘടനയും സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ആരോ​ഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോ​ഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നുമാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. യൂറോപ്പിൽ അമിത മദ്യപാനം മൂലം 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുകയുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!