തട്ടിപ്പ് വീരൻ മോൻസൻ സുധാകരന്റെ ‘ഡോക്ടർ’

Share our post

കൊച്ചി : കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ ‘ഡോക്ടറാണ്‌’ പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലെന്ന്‌ ആദ്യം പറഞ്ഞത്‌ കേസിലെ പരാതിക്കാർ. 10 ദിവസം സുധാകരൻ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യവർധനയ്ക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയതായാണ്‌ പറയുന്നത്‌. തുടർന്ന്‌ മോൻസനുവേണ്ടി സുധാകരൻ ഡൽഹിയിൽ ഇടപെടലുകൾ നടത്തിയിരുന്നതായും പരാതിക്കാർ പറയുന്നു.

ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്ന്‌ പറഞ്ഞും മോൻസൻ പലരെയും സമീപിച്ചിരുന്നു. രാജകീയ ജീവിതമായിരുന്നു മോൻസൻ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക്‌ സ്വന്തമായുണ്ടായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക്‌ ക്യാറ്റ് സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ എന്നീ നിലകളിലും മോൻസൻ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും തന്റെ പുരാവസ്തു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന്‌ ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു.

നൂറോളം രാജ്യങ്ങൾ സന്ദർശിച്ച് ലേലം ചെയ്‌തെടുത്ത പുരാവസ്തുക്കളാണിവയെന്നാണ് മോൻസൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇവയിൽ പലതും തിരുവനന്തപുരം സ്വദേശി എസ്‌. സന്തോഷ്‌ നിർമിച്ച്‌ നൽകിയതാണെന്ന്‌ പിന്നീട്‌ കണ്ടെത്തി. സന്തോഷിൽനിന്ന്‌ വാങ്ങിയ ശിൽപ്പങ്ങളും കലാരൂപങ്ങളും ഉപയോഗിച്ചായിരുന്നു മോൻസന്റെ തട്ടിപ്പ്.

പുരാവസ്‌തു തട്ടിപ്പിന് മോൻസൻ ഉപയോഗിച്ച ശിൽപ്പങ്ങളും കലാരൂപങ്ങളും യഥാർത്ഥ ഉടമയ്ക്ക്‌ തിരിച്ചുനൽകണമെന്ന ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്‌ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. സന്തോഷ്‌ നിർമിച്ച മോശയുടെ അംശവടി, ശ്രീകൃഷ്‌ണന്റെ വെണ്ണക്കുടം, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങിയവ യഥാർഥമാണെന്ന്‌ ആളുകളെ വിശ്വസിപ്പിച്ചാണ് മോൻസൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യം നൽകണമെന്ന മോൻസൻ മാവുങ്കലിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഓഫീസ്‌ ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നായിരുന്നു കേസ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!