സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി സംസ്ഥാനത്ത് പുതിയ മദ്യനയം

Share our post

സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാര്‍ശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാല്‍ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും.

സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സ്പിരിറ്റ് ഉല്‍പ്പാദനം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടങ്ങളിലേക്കുള്ള മദ്യ ഉല്‍പ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. കേരളത്തിലും സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴില്‍ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയം വിഭാവനം ചെയ്യുന്നത്. വെള്ളത്തിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും ലഭ്യത കുറവ്, പാരിസ്ഥിക പ്രശ്‌നങ്ങള്‍ എന്നിവയാണ് കേരളത്തിലെ ഡിസ്ലറികളില്‍ സ്പിരിറ്റ് ഉല്‍പ്പാദനത്തിന് തടസമായി നില്‍ക്കുന്നത്. മദ്യനയം സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ ശുപാര്‍ശ ചെയ്താലും കടമ്പകള്‍ ഇനിയും ബാക്കിയാണ്.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മറ്റ് സംസ്ഥാനങ്ങളിലേക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനുള്ള നികുതിവരുമാനമാണ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ ചില ബ്രാന്റുകള്‍ മാത്രമാണ് കയറ്റി അയക്കുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കണമെങ്കില്‍ നിലവില്‍ മദ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം. ഒപ്പം കൂടുതല്‍ ഡിസ്ലറികള്‍ക്ക് അനുമതി നല്‍കേണ്ടിയും വരും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രുവറിയും ഡിസ്ലറികളും അനുവദിച്ചത് വിവാദമായതോടെ പിന്‍വലിച്ചിരുന്നു. മദ്യ ഉല്‍പ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാന്‍ തീരുമാനമെടുത്താന്‍ പുതിയ ഡിസ്ലലറികളെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിക്കുമെന്നാണ് സൂചന. ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നല്‍കുന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കും. വ്യാജ കള്ള് തടയാനാണിത്. ഷാപ്പുകളെല്ലാം ആധുനികവത്ക്കരിക്കും ടൂറിസവുമായി സഹരിച്ച് പുതിയ പദ്ധതികള്‍ തയ്യാറാക്കും.

പഴവര്‍ഗങ്ങളില്‍ നിന്നും കര്‍ഷക സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വീഞ്ഞ് ബെവ്‌ക്കോ വഴി വില്‍ക്കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാനും മദ്യനയം ശുപാര്‍ശ ചെയ്യുന്നു. പബുകളും, നെറ്റ് ക്ലബുകളും അനുവദിക്കുന്നതില്‍ ചര്‍ച്ച വന്നുവെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഒരുവശത്ത് ഉല്പാദനം കൂട്ടുമ്പോള്‍ മറുവശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും നയത്തില്‍ നിര്‍ദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡ്-തദ്ദേശ തലത്തിലുമുണ്ടാക്കി ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സ്ഥിരമായി സോഷ്യല്‍ ഓഡിറ്റ് നടത്തും സ്ഥിരം ലഹിരകടത്തുകാരെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നടപടികള്‍ വര്‍ദ്ധിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!