മലബാർ മേഖലയിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

കണ്ണൂർ: മലബാർ മേഖലയിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ്റെ കരിയർ എക്സ്പോയും മെറിറ്റ് അവാർഡ് വിതരണവും വായാട്ടുപറമ്പ് സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ദിശാദർശൻ നല്കുന്ന സംഭാവന വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. കാലഘട്ടത്തിൻ്റെ വിപത്തായ ലഹരിക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് നാം തയ്യറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യാതിഥിയായിരുന്നു.