കണ്ണൂർ മേയര്‍ സ്ഥാനം വീതം വെപ്പ്; കോണ്‍ഗ്രസ് നിലപാടില്‍ ലീഗിന് അമര്‍ഷം

Share our post

കണ്ണൂർ : തെരഞ്ഞെടുപ്പിന് മുൻപുള്ള ധാരണയനുസരിച്ച്‌ മേയര്‍ സ്ഥാനം വീതം വെക്കാമെന്ന കരാര്‍ കോണ്‍ഗ്രസ് മനഃപൂര്‍വം വൈകിപ്പിക്കുന്നതായി ലീഗ്. മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാമെന്നായിരുന്നു ധാരണ. എന്നാല്‍, ഭൂരിപക്ഷം തങ്ങള്‍ക്കാണെന്ന കാരണം ചൂണ്ടിക്കാട്ടി മൂന്നു വര്‍ഷം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പട്ടിരുന്നെങ്കിലും ലീഗ് വഴങ്ങിയിരുന്നില്ല. ഈ മാസത്തോടെ രണ്ടരവര്‍ഷ കാലാവധി കഴിയുമെന്നിരിക്കെ ലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ല. ഇതാണ് ലീഗിലെ അതൃപ്തിക്ക് കാരണം. 

ലീഗിലെ പാര്‍ട്ടി കമ്മിറ്റികളില്‍ മേയര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് ആവശ്യമായ സമ്മര്‍ദം നേതൃത്വം സ്വീകരിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് ആദ്യം ഉന്നയിച്ച മൂന്നു വര്‍ഷ അവകാശവാദം നടപ്പാക്കാനായി സ്ഥാനമൊഴിയല്‍ ചര്‍ച്ച മന്ദഗതിയിലാക്കുകയാണെന്ന സംശയവും ലീഗ് നേതൃത്വത്തിലെ ചിലര്‍ക്കുണ്ട്. 

പാര്‍ട്ടി കമ്മിറ്റികളില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ ലീഗ് നേതാക്കള്‍ പാര്‍ട്ടിയുടെ അതൃപ്തിയും ആശങ്കയും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ നേരിട്ടറിയിച്ചിട്ടുണ്ട്. അടുത്ത തവണ കണ്ണൂരിലെത്തുമ്പോൾ ഇത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാമെന്നാണ് കെ. സുധാകരൻ ലീഗ് നേതാക്കളെ അറിയിച്ചത്. 

മേയര്‍ തെരഞ്ഞെടുപ്പ് വേളയില്‍ മൂന്നു വര്‍ഷമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ ആദ്യത്തെ രണ്ടു വര്‍ഷം തങ്ങള്‍ക്കു വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലീഗ് നേതൃത്വം പ്രതിരോധിച്ചത്. പിന്നീട് സംസ്ഥാന നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് രണ്ടര വര്‍ഷം വീതം വെക്കാമെന്നും ആദ്യ ടേം കോണ്‍ഗ്രസിന് നല്‍കാമെന്നും ധാരണയായത്. 

കോര്‍പ്പറേഷനില്‍ ലീഗിന് 14 സീറ്റും കോണ്‍ഗ്രസിന് 21 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനായ പി.കെ. രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കിയതോടെ കോണ്‍ഗ്രസിന്‍റെ സീറ്റ് 20 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയായിരുന്നപ്പോഴും പിന്നീട് കോര്‍പറേഷനായപ്പോഴും അധ്യക്ഷ പദവി പങ്കിടുന്ന രീതിയാണ് ഏറെക്കാലമായി യു.ഡി.എഫ് പിന്തുടരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!