പാൽചുരം റോഡ് പണിപൂർത്തിയാകും മുൻപ് തുറന്നുനല്കിയത് കൊട്ടിയൂർ ഉത്സവമായതിനാൽ ; കെ.ആർ.എഫ്.ബി

കൊട്ടിയൂർ: അമ്പായത്തോട്-പാൽചുരം -ബോയ്‌സ് ടൗൺ റോഡ് കൊട്ടിയൂർ ഉത്സവമായതിനാലാണ് അറ്റകുറ്റപ്പണി പൂർത്തിയാകും മുൻപ് തുറന്നുനല്കിയതെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.85 ലക്ഷം രൂപയുടെ പ്രവൃത്തിയിൽ ഏകദേശം 11 ലക്ഷം രൂപയുടെ പ്രവൃത്തി മാത്രമാണ് നടന്നതെന്നും ബാക്കി മഴ കുറയുന്നതനുസരിച്ച് പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മാർച്ചിൽ അനുവദിച്ച 85 ലക്ഷം രൂപയുടെ കിഫ്ബി ഫണ്ട് പ്രകാരമുള്ള പ്രവൃത്തി ഏപ്രിൽ 20-നാണ് എഗ്രിമെന്റ് വെച്ചത്.എപ്രിൽ,മെയ് മാസങ്ങളിലുണ്ടായ ക്വാറി-ക്രഷർ സമരം കാരണം പ്രവൃത്തി തുടങ്ങിയത് മെയ് ആദ്യവാരമാണ്.മെയ് 15 മുതൽ റോഡ് അടച്ചിട്ട് പ്രവൃത്തി തുടങ്ങിയെങ്കിലും പണി പൂർത്തീകരിക്കും മുൻപ് കൊട്ടിയൂർ ഉത്സവം തുടങ്ങിയതിനാൽ തുറന്നു നല്‌കേണ്ടി വന്നു.
റോഡിൽ നിലവിൽ എല്ലായിടത്തും ലോക്ക് ചെയ്തു കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. മഴയാരംഭിച്ചതിനാൽ ടാറിങ്ങ്തുടരാൻ സാധിച്ചില്ല. തുടർന്നുള്ള ഷോൾഡർ കോൺക്രീറ്റിംഗ് , ബാക്കിയുള്ള കോൺക്രീറ്റ് പ്രവൃത്തികൾ എന്നിവ നടക്കുന്നുണ്ട്.
കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ റോഡിലെ ഗതാഗതം കൂടിയതുംമഴ പെയ്യുന്നതും കാരണം കോൺക്രീറ്റ് പ്രതീക്ഷിച്ച വിധം തുടരാൻ സാധിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.
റോഡ് ഹിൽ ഹൈവേ പ്രൊജക്ടിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന്35.67 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതിക അനുമതിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്.