എറണാകുളത്ത് എക്‌സൈസിന്റെ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍’, കഞ്ചാവും എം.ഡി.എം.എ-യുമായി ആറുപേര്‍ പിടിയില്‍

കൊച്ചി: ജില്ലയിലെ സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ ലഹരി സംഘങ്ങള്‍ക്കെതിരേ നിരീക്ഷണം ശക്തമാക്കാന്‍ ‘ഓപ്പറേഷന്‍ മണ്‍സൂണു’മായി എക്‌സൈസ്. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ഷാഡോ സംഘങ്ങളെ ജില്ലയിലെ വിവിധ റേഞ്ചുകളില്‍ നിയോഗിച്ച് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുകളും കഞ്ചാവുമായി ആറുപേര്‍ അറസ്റ്റിലായി.
22 കിലോ കഞ്ചാവുമായി പറവൂര്‍ കുഞ്ഞിതൈ സ്വദേശി ചുരക്കുഴി വീട്ടില്‍ ജോസ് (30), കളമശ്ശേരി കാവുങ്കല്‍ വീട്ടില്‍ ജയ (27), മൂവാറ്റുപുഴ സ്വദേശി ജഗന്‍ ബൈജു (32) എന്നിവരെ ഒരു കാറും ബൈക്കും ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. തോപ്പുംപടി മൂലങ്കുഴിയില്‍ 35 ഗ്രാം എം.ഡി.എം.എ.യും പത്ത് ഗ്രാം കഞ്ചാവുമായി മൂലങ്കുഴി സ്വദേശി പുത്തന്‍പറമ്പില്‍ വീട്ടില്‍ കെന്നത്ത് ഫ്രാന്‍സിസിനെ (31) പിടികൂടി.
പെരുമ്പാവൂര്‍ മാവുംചുവട് ഭാഗത്തു നിന്ന് അസം സ്വദേശി സാദിഖുല്‍ ഇസ്ലാമിനെ (32) 6.5 ഗ്രാം ഹെറോയിനുമായും പറവൂര്‍ ചേന്ദമംഗലം ചാലിയപ്പാലത്ത് ആറ് ഗ്രാം എം.ഡി.എം.എ.യും 12 ഗ്രാം കഞ്ചാവുമായി മാവേലിക്കര ചാരുംമൂട് അയിനി വിളയില്‍ വീട്ടില്‍ അഖില്‍ ചന്ദ്രനെയും (26) അറസ്റ്റ് ചെയ്തു. എല്ലാവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.