നക്ഷത്രയുടെ അമ്മയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണം; പരാതി നല്‍കുമെന്ന് ബന്ധുക്കള്‍

ആലപ്പുഴ: മാവേലിക്കര പുന്നമൂടില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരി നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണം. നാലു വര്‍ഷം മുന്‍പ് ആത്മഹത്യയാണെന്ന് കരുതിയ വിദ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇവരുടെ ബന്ധുക്കളാണ് രംഗത്തെത്തിയത്.
കഴിഞ്ഞദിവസമാണു നക്ഷത്രയെ അച്ഛന്‍ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യയെ 2019 ജൂണ്‍ നാലിന് ശ്രീമഹേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്തതെന്നാണു കരുതിയിരുന്നത്. ഇപ്പോഴത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതും കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അടുത്ത ദിവസം പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
നക്ഷത്രയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിദ്യയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ശ്രീമഹേഷ് ആത്മഹത്യഭീഷണി മുഴക്കിയതോടെ പരാതി പിന്‍വലിക്കുകയായിരുന്നു.
അമ്മയ്ക്കരികെ അന്ത്യവിശ്രമം
കായംകുളം: കളിയും ചിരിയുമായി നക്ഷത്ര ഇനിയില്ല. അമ്മയോടുചേര്‍ന്ന് അവളുറങ്ങി; എന്നെന്നേക്കുമായി. മഴയില്‍ നനഞ്ഞ പകലില്‍ അമ്മവീടായ പത്തിയൂര്‍ തൃക്കാര്‍ത്തികയിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
കഴിഞ്ഞ ദിവസം അച്ഛന്‍ ശ്രീമഹേഷ് കൊലപ്പെടുത്തിയ മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ആറുവയസ്സുകാരി നക്ഷത്രയെ അവസാനമായി ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകള്‍ പത്തിയൂരിലേക്കൊഴുകി. പ്രകാശംപരത്തിയ ആ കുഞ്ഞുചിരി ഇനി വിടരില്ലെന്ന ദുഃഖം അവരുടെ മുഖങ്ങളില്‍ കണ്ണീര്‍മഴയായി.
നക്ഷത്രയുടെ അമ്മ വിദ്യയെ 2019 ജൂണ്‍ നാലിനു പുന്നമൂട്ടിലുള്ള വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പത്തിയൂര്‍ കാര്‍ത്തികയില്‍ ലക്ഷ്മണന്റെയും രാജശ്രീയുടെയും മകളാണു വിദ്യ. വിദ്യയുടെ സംസ്‌കാരച്ചടങ്ങുകളും പത്തിയൂരുള്ള വീട്ടിലായിരുന്നു. വിദ്യയെ അടക്കിയതിന്റെ സമീപത്തുതന്നെയാണു നക്ഷത്രയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വിദ്യയുടെ സഹോദരന്‍ വിഷ്ണു വിദേശത്തു നിന്നു രാവിലെയെത്തി. ഇതേത്തുടര്‍ന്നാണു സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്താന്‍ നിശ്ചയിച്ചത്.
കായംകുളം താലൂക്കാസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് വെള്ളിയാഴ്ച രണ്ടുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി നിറകണ്ണുകളോടെ നക്ഷത്രയ്ക്കു വിടചൊല്ലാനെത്തിയിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ അവഗണിച്ചും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അച്ഛന്‍തന്നെ കുഞ്ഞിനെ വെട്ടിക്കൊന്നതിന്റെ അവിശ്വസനീയത ആളുകള്‍ പരസ്പരം പങ്കിട്ടു.
മൂന്നരയോടെ നക്ഷത്രയുടെ ചേതനയറ്റ കുഞ്ഞുശരീരം കുഴിയിലേക്കെടുത്തു. മകളെയും ചെറുമകളെയും നഷ്ടപ്പെട്ടതിന്റെ സങ്കടം ഉള്ളിലമര്‍ത്തി അപ്പൂപ്പനും അമ്മൂമ്മയും കുഴിയിലേക്ക് ഒരുപിടി മണ്ണിട്ടു, പിന്നെ കൂടി നിന്നവരും. നക്ഷത്രയുടെ സംസ്‌കാരച്ചടങ്ങിലെത്തി എം.എം. ആരിഫ് എം.പി., യു. പ്രതിഭ എം.എല്‍.എ., രമേശ് ചെന്നിത്തല എം.എല്‍.എ., വി.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, കായംകുളം നഗരസഭാധ്യക്ഷ പി. ശശികല തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മകളെ മഴു ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തിയ ശ്രീമഹേഷ് (38) ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലാണിപ്പോള്‍. മകളെ കൊന്നശേഷം ആത്മഹത്യചെയ്യാനാണു ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നു. മകള്‍ അനാഥയാകരുതെന്നു കരുതിയാണു കൊലപ്പെടുത്തിയതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.
ആത്മഹത്യക്കു ശ്രമിച്ച ശ്രീമഹേഷ് അപകടനില തരണംചെയ്തു
മാവേലിക്കര: പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര(ആറ്)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അച്ഛന്‍ ശ്രീമഹേഷ് അപകടനില തരണംചെയ്തതായി വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രി കേന്ദ്രങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ജയിലില്‍ വെച്ച് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തിലും കൈയിലും മുറിവേല്‍പ്പിച്ച് ആത്മഹത്യക്കു ശ്രമിച്ച ശ്രീമഹേഷിനെ രാത്രിയില്‍ മെഡിക്കല്‍ കോളജാസ്പത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആസ്പത്രിയിലെ പോലീസ് സെല്ലിലേക്കു മാറ്റിയ ഇയാള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇതോടെ വൈകും. ശ്രീമഹേഷിനെ തിരികെ ജയിലിലെത്തിച്ച ശേഷം കസ്റ്റഡി അപേക്ഷ നല്‍കുമെന്നു മാവേലിക്കര ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത് പറഞ്ഞു. ആസ്പത്രിയില്‍ നിന്ന് ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാനും സാധ്യതയുണ്ട്.
ഇതിനിടെ, നക്ഷത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപകഅഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതു പോലീസിനു തലവേദനയായി. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അസത്യപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത് അറിയിച്ചു.