മാലിന്യം തള്ളുന്നുണ്ടോ? റിപ്പോർട്ട് ചെയ്യുന്നവർക്ക് ക്യാഷ് പ്രൈസ്

കണ്ണൂർ : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നൽകുന്നവർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പാരിതോഷികം. ഫോട്ടോ, വീഡിയോ തുടങ്ങിയ തെളിവ് സഹിതം കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. “മാലിന്യമുക്തം നവകേരളം” ലക്ഷ്യം കൈവരിക്കുന്നതിനാണ് നടപടി. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുന്നതിനുള്ള മാർഗനിർദേശങ്ങളും തദ്ദേശഭരണ വകുപ്പ് പുറപ്പെടുവിച്ചു.
പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, തള്ളുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക എന്നീ കുറ്റങ്ങൾ ചെയ്യുന്ന വ്യക്തികളെക്കുറിച്ച് വിശ്വസനീയമായ തെളിവുകൾ നൽകുന്നവർക്കാണ് പാരിതോഷികം. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് നൽകുക. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന ഭരണസമിതികൾക്ക് തീരുമാനം എടുക്കാം. പിഴത്തുക നഗരസഭയിൽ ഒടുക്കിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പാരിതോഷികം നൽകണം.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിന് സാക്ഷിയായവർ ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്കാണ് വിവരം നൽകേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപന തലത്തിൽ നിശ്ചിത വാട്സ്ആപ് നമ്പറും ഇ-മെയിൽ ഐഡിയും പ്രസി ദ്ധീകരിക്കണം. വിവരദാതാക്കളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും വേണം. റിപ്പോർട്ടിനുമേൽ അന്വേഷണം നടത്തി തദ്ദേശസ്ഥാപന സെക്രട്ടറി ഏഴുദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രാധാന്യവും ലഭിക്കുന്ന പാരിതോഷികത്തെക്കുറിച്ചുമുള്ള സന്ദേശവും പൊതുജനങ്ങളിലെത്തിക്കുന്നതിന് ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.