‘സതീശന്റെ പാർട്ടിയാക്കുന്നു’; ഗ്രൂപ്പുകൾ ഒന്നിച്ച്‌ ഡൽഹിക്ക്‌

Share our post

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ ഒത്താശയോടെ സംഘടന പിടിച്ചെടുക്കാനുള്ള പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ ശ്രമത്തിനെതിരെ ശക്തമായ നീക്കവുമായി എ, ഐ ഗ്രൂപ്പുകൾ. ഒരുമിച്ച്‌ ഡൽഹിയിലെത്തി ദേശീയ അധ്യക്ഷനെ കാര്യങ്ങൾ ധരിപ്പിക്കാൻ തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലിൽ ചേർന്ന ഗ്രൂപ്പ്‌ നേതാക്കളുടെ യോഗം തീരുമാനിച്ചു. യൂത്ത്‌ കോൺഗ്രസ്‌ അധ്യക്ഷപദവി ഉൾപ്പെടെ ഇനി തെരഞ്ഞെടുക്കേണ്ട സ്ഥാനങ്ങളിലേക്ക്‌ പൊതുസ്ഥാനാർഥിയെ നിർത്താനും ധാരണയായി. 

‘അനീതിക്കെതിരെ ഒറ്റക്കെട്ട്‌’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ്‌ വ്യത്യാസങ്ങൾ മാറ്റിവെച്ച്‌ മുതിർന്ന നേതാക്കളാണ്‌ യോഗം ചേർന്നത്‌. രമേശ്‌ ചെന്നിത്തല, എം.എം. ഹസ്സൻ, കെ.സി. ജോസഫ്‌, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, ജോസഫ്‌ വാഴയ്ക്കൻ തുടങ്ങി എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖർ പങ്കെടുത്തു. സതീശന്റെ അപ്രമാദിത്വം അനുവദിക്കാനാകില്ലെന്നാണ്‌ തീരുമാനം. 

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പട്ടികയിൽ എ, ഐ ഗ്രൂപ്പുകൾ പൂർണമായും തഴയപ്പെട്ടതോടെയാണ്‌ പൊട്ടിത്തെറി തുടങ്ങിയത്‌. ചെന്നിത്തലയടക്കം പരസ്യമായി രംഗത്തുവന്നു. എ ഗ്രൂപ്പിൽ ഭിന്നതയില്ലെന്ന്‌ തെളിയിച്ച്‌ നേതാക്കൾ ഒന്നിച്ച്‌ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. അതേസമയം, സതീശന്റെ വാശിമൂലമാണ്‌ ഒട്ടേറെ പേർ പുറത്തായതെന്ന്‌ സുധാകരനൊപ്പമുള്ളവർ പറയുന്നു. നിശ്ചിത ബ്ലോക്കുകളിൽ താൻ പറയുന്നവരെ പ്രസിഡന്റാക്കിയില്ലെങ്കിൽ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോകുമെന്ന്‌ സതീശൻ നിലപാടെടുത്തു. ഒടുവിൽ കെ.പിസിസി അധ്യക്ഷൻ വഴങ്ങി. അടുത്തബന്ധു, സഹപാഠി തുടങ്ങി പല പരിഗണന പറഞ്ഞാണ്‌ സ്വന്തം ആളുകളെ തിരുകിക്കയറ്റിയത്‌. എറണാകുളത്തുമാത്രം ഒതുങ്ങിനിന്നിരുന്ന സതീശൻ ചില കെപിസിസി ഭാരവാഹികളുടെ സഹായത്തോടെ സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്നും സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നു.

എന്നാൽ, എല്ലാവരുമായും സംസാരിക്കുമെന്നും എല്ലാം പരിഹരിക്കുമെന്നും കെ. സുധാകരൻ പ്രതികരിച്ചു. അത്‌ പതിവ്‌ തട്ടിപ്പാണെന്നും തീരെ ഒഴിവാക്കാനാകാത്തവരുടെ പട്ടിക കൊടുത്താൽ ഡി.സി.സി ഭാരവാഹി പട്ടിക വരുമ്പോൾ പരിഹരിക്കാമെന്നതായിരിക്കും വാഗ്ദാനമെന്നും എ, ഐ ഗ്രൂപ്പ്‌ നേതാക്കൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!