ലൈഫ് വീട് നിർമ്മാണം: ജില്ലാ പഞ്ചായത്ത് സംഘം പരിശോധന നടത്തും

Share our post

കണ്ണൂർ : ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമ്മാണത്തിന്റെ ഫീൽഡ്തല മോണിറ്ററിംഗിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിൽ സന്ദർശനം നടത്താനുള്ള ഒരു സംഘം രൂപവത്കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നൽകി. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച ഏതാനും വീടുകൾ ഈ സംഘം പരിശോധിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങൾ, പി.എ.യു പ്രൊജക്ട് ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്ത് എക്‌സ്‌റ്റെൻഷൻ ഓഫീസർ എന്നിവരടങ്ങുന്നതാവും സമിതി.

ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ് ബ്ലോക്കുകളിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, പയ്യന്നൂർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥിരം സമിതി അംഗം ടി. തമ്പാൻ മാസ്റ്റർ, എടക്കാട്, കണ്ണൂർ, ഇരിക്കൂർ ബ്ലോക്കുകളിൽ സ്ഥിരം സമിതി അംഗം കെ. താഹിറ, തലശ്ശേരി, പാനൂർ ബ്ലോക്കുകളിൽ സ്ഥിരം സമിതി അംഗം മുഹമ്മദ് അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് നടത്തും.

വൃക്ക/കരൾ മാറ്റിവെച്ചവർക്ക് നൽകാനുള്ള മരുന്നുകൾ ജില്ലാ ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസിയിൽനിന്ന് സമയബന്ധിതമായി ലഭിക്കാതെ രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ, മരുന്നുകൾ പൊതുമാർക്കറ്റിൽനിന്ന് വാങ്ങുന്നതിന് യോഗം അംഗീകാരം നൽകി. ജില്ലാ ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ഇൻറർവ്യു നടത്തും.

സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് സംയുക്ത സംരംഭമായി ജില്ലയിൽ അജൈവ പാഴ്‌വസ്തു സംസ്‌കരണ കേന്ദ്രം നിർമ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച്, സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിക്കായുള്ള അപേക്ഷകരുടെ പട്ടിക അംഗീകരിച്ചു. വീടുകളിൽനിന്ന് ചെയ്യാവുന്ന ഓൺലൈൻ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പരിശീലനം നൽകുക. ജില്ലാ പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റ പണിക്കുള്ള ഫണ്ട് കൂട്ടിത്തരണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ലിംഗ പദവി പഠനത്തിനുള്ള കർമ്മ പദ്ധതി യോഗം അംഗീകരിച്ചു. സ്ഥിരം സമിതികളുടെ നിർദേശങ്ങൾക്ക് യോഗം അംഗീകാരം നൽകി.

ജില്ലാ ആശുപത്രിക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽനിന്ന് 56 ലക്ഷം രൂപ വിനിയോഗിച്ച് ആറ് ഡയാലിസിസ് യൂനിറ്റ്, ഒരു വാഹനം എന്നിവ അനുവദിച്ചതായി പ്രസിഡൻറ് അറിയിച്ചു.

യോഗത്തിൽ പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുരേഷ് ബാബു, അഡ്വ. കെ.കെ. രത്‌നകുമാരി, അഡ്വ. ടി. സരള, യു.പി. ശോഭ, അംഗങ്ങളായ എം. രാഘവൻ, തോമസ് വെക്കത്താനം, ടി.സി. പ്രിയ, വി. ഗീത, ലിസി ജോസഫ്, ഇ. വിജയൻ മാസ്റ്റർ, എം. ജൂബിലി ചാക്കോ, എൻ.വി. ശ്രീജിനി, കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!