ഇരിട്ടിയിൽ നടപ്പാത കയ്യേറി കച്ചവടം: ഒഴിപ്പിച്ച് പോലീസ്

ഇരിട്ടി: നഗരത്തിൽ കാൽനട യാത്രക്കാർക്കു സഞ്ചരിക്കേണ്ട സ്ഥലത്തു കച്ചവടം നടത്തുന്നവർക്ക് എതിരെ പോലീസ് നടപടി ശക്തമാക്കി.
പഴയ ബസ് സ്റ്റാൻഡിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന സ്ഥലത്ത് നടപ്പാതയിലും റോഡിലും ഇറക്കി നടീൽ വസ്തുക്കൾ വച്ച് വിറ്റവരെ പോലീസ് ഒഴിപ്പിച്ചു.
ഇവിടെ റോഡ് വളഞ്ഞ് അപ്രോച്ച് റോഡിലേക്കു കയറുന്നിടത്താണ് നടീൽ വസ്തുക്കൾ വച്ചുള്ള കച്ചവടം.സമീപത്തെ ചില വ്യാപാര സ്ഥാപനങ്ങളും നടപ്പാതയിൽ സാധനങ്ങൾ ഇറക്കി വച്ചതോടെ, വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന റോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലായി നാട്ടുകാർ.
നഗരത്തിൽ കുരുക്കില്ലാത്ത യാത്ര ഒരുക്കുന്നതിനായി ഇരിട്ടി നഗരസഭയും പൊലീസും മോട്ടർ വാഹന വകുപ്പും ചേർന്നു സമഗ്ര പരിഷ്കരണം നടപ്പാക്കിയിരുന്നു. നടപ്പാതയിൽ സാധനങ്ങൾ ഇറക്കി വച്ചുള്ള കച്ചവടം പാടില്ലെന്നു നഗരസഭാ – പൊലീസ് അധികൃതർ നേരിട്ടെത്തി പല തവണ മുന്നറിയിപ്പും നൽകിയിരുന്നു.
ഉദ്യോഗസ്ഥർ തിരിച്ചും പോകുമ്പോൾ വീണ്ടും പഴയ പടി നടപ്പാത കയ്യേറ്റം തുടരുന്ന സാഹചര്യത്തിൽ കേസും പിഴയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണു തീരുമാനം.
നടപ്പാത കയ്യേറിയതിനെ തുടർന്ന് ഇന്നലെ റോഡിലൂടെ ഇറങ്ങി നടന്ന ഒരു വിദ്യാർഥിനിക്കു വീണു പരുക്കും ഏറ്റു. ചില കച്ചവടക്കാർ നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായും പരാതി ഉണ്ട്.