എ.ഐ. ക്യാമറയില്‍ കുടുങ്ങിയവരിലേറെയും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍; ഹെല്‍മറ്റ് വെക്കാത്ത കേസ് കുറവ്‌

Share our post

തിരുവനന്തപുരം:എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ത്തവണ പിടിവീണത് നാലുചക്രവാഹനങ്ങളില്‍ സഹയാത്രികര്‍ സീറ്റ് ബെല്‍റ്റിടാതെ യാത്രചെയ്തതിന്. വാഹനം ഓടിക്കുന്നവര്‍മാത്രം സീറ്റ് ബെല്‍റ്റിട്ടാല്‍ മതിയെന്ന തെറ്റിദ്ധാരണയാണ് മാറ്റേണ്ടതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

വാഹനത്തിലെ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. കുട്ടികള്‍ക്കായി ചൈല്‍ഡ് റെസ്‌ട്രൈന്റ് സിസ്റ്റം ഘടിപ്പിച്ച സീറ്റ് തയ്യാറാക്കുകയും വേണം. ആദ്യദിനമായ തിങ്കളാഴ്ച ആകെ 248 നിയമലംഘനങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. അതില്‍ 144 എണ്ണം സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതുമൂലമാണ്.

രണ്ടാം ദിനത്തില്‍ 517 നിയമലംഘനങ്ങളില്‍ 211 എണ്ണം സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിനാലാണ്. എന്നാല്‍, വ്യാഴാഴ്ച ഇത്തരത്തിലുള്ള 113 നിയമലംഘനങ്ങളാണുള്ളത്. 500 രൂപയാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയായി ഈടാക്കുന്നത്.

ജില്ലയിലെ 63 ക്യാമറകളില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊടുവള്ളിയിലാണ്. കട്ടാങ്ങല്‍, നാദാപുരം, മുക്കം തുടങ്ങിയ സ്ഥലങ്ങള്‍ തൊട്ടുപിറകിലായുണ്ട്. നഗരത്തിനുപുറത്താണ് ഏറ്റവുംകൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

ഹെല്‍മെറ്റ് ഇടാതെ വാഹനമോടിക്കല്‍, ഇരുചക്രവാഹനത്തില്‍ രണ്ടുപേരെകൂടി കയറ്റുന്നത്, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് വേറെയുള്ളത്. ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നത് ജില്ലയില്‍ വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!