കണ്ണൂർ ജില്ലയിലെ 134 സ്കൂൾ കിണറിലെ ജലപരിശോധന: 17-ൽ ഇ-കോളി; 116-ൽ കോളിഫോം

Share our post

കണ്ണൂർ : സ്കൂളുകളിൽ കുടിക്കാനും പാചകംചെയ്യാനും ഉപയോഗിക്കുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. കോഴിക്കോട് ജലവിഭവവികസന പരിപാലന കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം.) നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. എന്നാൽ, ഇതിൽ പേടിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു.

തളിപ്പറമ്പ് സൗത്തിലെ 58 സ്കൂളുകളിലെ സാമ്പിളും പാപ്പിനിശ്ശേരിയിൽനിന്നുള്ള 78 സ്കൂളുകളിലെ സാമ്പിളുമാണ് പരിശോധിച്ചത്.

ആകെ 136 സാമ്പിളിൽ 116 സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അതായത് 85 ശതമാനം. 17 സാമ്പിളിൽ ഇ-കോളിയും കണ്ടെത്തി.
ടെക്‌നിക്കൽ ഓഫീസർ എം.സുധീഷ്, ഡോ. എം.ഷിജി എന്നിവരുടെ നേതൃത്വത്തിൽ ബാക്ടിരീയ, ഇ കോളി, ജലത്തിന്റെ പിഎച്ച്. മൂല്യം, അയൺ, ക്ലോറൈഡ്, അമോണിയ ഉൾപ്പെടെയുള്ള ഘടകങ്ങളാണ് പരിശോധിച്ചത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉയർത്താൻ കൃത്യമായ ക്ലോറിനേഷൻ നടത്താൻ അധികൃതർ സ്കൂളുകളോട് നിർദേശിച്ചു.

ശ്രദ്ധിക്കണം,രോഗാണുക്കളെ

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ കോളിഫോം ബാക്ടീരിയ, ഇ-കോളി എന്നിവ പാടില്ല.

വെള്ളത്തിലുണ്ടാകുന്ന മൊത്തം 36 പദാർഥങ്ങളുടെ അനുവദനീയമായ അളവിന് കൃത്യമായ ഒരു മാനദണ്ഡമുണ്ട്. ഇതിൽ ഏതെങ്കിലും പദാർഥം അനുവദിച്ച അളവിനേക്കാൾ കൂടുതലാണെങ്കിൽ വെള്ളം ശുദ്ധീകരിച്ചതിനുശേഷം മാത്രമേ കുടിക്കാൻ പാടുള്ളൂ എന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

വെള്ളത്തിന്റെ ഗുണനിലവാര പരിപാലനമാണ് ജലജന്യ രോഗങ്ങളും ജലവുമായി ബന്ധപ്പെട്ട മറ്റു അസുഖങ്ങളും വരാതിരിക്കാനുള്ള പ്രധാന മാർഗം. കിണറുകളിലെ വെള്ളം അണുവിമുക്തമാക്കാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാം.

ഇരുമ്പിന്റെ അംശം കുറയ്ക്കാനും ക്ഷാരത ഇല്ലാതാക്കാനും ഉപകരിക്കും. കിണറിൽ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി വേണം ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാൻ. നേരിട്ട് കിണറ്റിൽ ഇടാതെ ഒരു ബക്കറ്റിൽ കലക്കിയശേഷം തെളിഞ്ഞ ലായനി മാത്രമേ ഉപയോഗിക്കാവൂ.

കിണർ ക്ലോറിനേറ്റ് ചെയ്‌തോ വെളളം തിളപ്പിച്ച് ഉപയോഗിച്ചോ ഇ. കോളി തത്ക്കാലം ഇല്ലാതാക്കാം. എന്നാൽ രോഗാണുക്കൾ കിണറ്റിൽ എത്തിച്ചേരാനുള്ള സാധ്യത അടക്കണം.

സമീപം സെപ്റ്റിക് ടാങ്കിന് ലീക്കോ കേടുപാടുകളോ ഉണ്ടോ എന്ന് പരിശോധിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത ദൂരവ്യത്യാസം ഉറപ്പുവരുത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!