മാധ്യമ പ്രവർത്തകൻ ഷാജി ദാമോദരന്റെ മരണം: അന്വേഷണം ഊർജിതം

Share our post

കണ്ണൂർ : മാധ്യമ പ്രവർത്തകൻ ഷാജി ദാമോദരന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു. ഷാജിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺകോളുകളും പരിശോധിച്ച് വരികയാണ്.

മെയ് 18ന് പുലർച്ചെയാണ് ഷാജിയെ പഴയ ബസ്‌സ്റ്റാൻഡിൽ പൊലീസ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ണൂർ ​ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിൽ ചികിത്സയിലിരിക്കെ ബുധൻ വൈകിട്ടോടെ മരിച്ചു. പാപ്പിനിശേരി ടെലിഫോൺ എക്സ്ചേഞ്ചിന്‌ സമീപം കാറിടിച്ച് പരിക്കേറ്റ ഷാജിയെ കാർ യാത്രക്കാർ കണ്ണൂർ നഗരത്തിലെത്തിച്ച് ഉപേക്ഷിച്ചതാണെന്ന് ഷാജിയുടെ സുഹൃത്ത് പി. മമ്മൂട്ടി വളപട്ടണം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പാപ്പിനിശേരിയിലുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റയാൾക്ക് കാർ യാത്രക്കാർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സാ നൽകിയിരുന്നതായി തെളിഞ്ഞു.
പാപ്പിനിശേരിയിൽ നടന്ന അപകടത്തിലല്ല ഷാജിക്ക് പരിക്കേറ്റതെന്ന്‌ വ്യക്തമായതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. ചികിത്സയിലിരിക്കെ അബോധാവസ്ഥയിലായിരുന്നതിനാൽ പൊലീസിന് മൊഴിയെടുക്കാനും സാധിച്ചിരുന്നില്ല. വ്യാഴാഴ്ച കണ്ണൂർ ​ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം വൈകിട്ട് പയ്യാമ്പലത്ത് നടന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!