തലശ്ശേരിയിലെ മൊബൈൽ കടയിൽ മോഷണം

തലശ്ശേരി: എം.എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് സംഭവം. വിലയേറിയതുൾപ്പെടെ 40ഓളം മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത് .ആറ് ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി ഉടമകൾ പരാതിയിൽ പറയുന്നു.
റീചാർജ്ജ് പണമായ 15,000 രൂപയും മോഷ്ടിച്ചിട്ടുണ്ട്.മോഷ്ടാവായ യുവാവ് കടയിൽ കയറി ഡിസ്‌പ്ലേ കൗണ്ടർ അരിച്ചുപെറുക്കി പണത്തിനായി തിരയുന്നതും മൊബൈൽ ഫോണുകൾ എടുത്ത് സഞ്ചിയിൽ പൊതിയുന്നതും മുറിയിലെ സി.സി.ടി.വി.യിൽ തെളിഞ്ഞു കാണുന്നുണ്ട്.
സമീപത്തെ സിയാദിന്റെ ഉടമസ്ഥതയിലുള്ള ഫോണോ ക്ലബ്ബ് എന്ന കടയിലും മോഷണ ശ്രമം നടന്നു. നെക്സ്റ്റ് കടയുടമകളായ വേങ്ങാട് ഊർപ്പള്ളിയിലെ കെ.വി ഹൗസിൽ ഷർഫുദ്ദീൻ, ഫാത്തിമാസിൽ ഫസൽ എന്നിവർ തലശേരി പൊലീസിൽ പരാതി നൽകി.
പൊലീസ് നായ മണം പിടിച്ച് ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീട് വരെയെത്തി. ഒരു മാസം മുൻപാണ് മട്ടാമ്പ്രത്തെ മൂന്ന് കടകളിൽ മോഷണം നടന്നത്.