നാടിന്റെ നേട്ടത്തിന് പിന്നിൽ ഈ അക്ഷരപ്പുര

പിണറായി : ഒരു പതിറ്റാണ്ട് നീളുന്ന പ്രവർത്തന കാലയളവിനിടയിൽ നാടിന്റെ വികസന പ്രവർത്തനങ്ങളുടെ മുഖ്യകേന്ദ്രമായി മാറിയ അക്ഷരപ്പുര. പിണറായി ഇ. കെ. നായനാർ സ്മാരക ഗ്രന്ഥാലയത്തെ ഏറ്റവും ചുരുക്കത്തിൽ ഇങ്ങനെ അടയാളപ്പെടുത്താം.
പിണറായി, പാറപ്രം പ്രദേശങ്ങളിൽ വായനവെളിച്ചം തെളിക്കുന്നതിനപ്പുറം വൈവിധ്യമാർന്ന പദ്ധതികളിലൂടെ നാടാകെ പടർന്ന് ഒരു പ്രദേശത്തിന്റെ നേട്ടത്തിനാകെ കൈയൊപ്പ് ചാർത്തുകയാണ് ഈ ഗ്രന്ഥാലയം.
2013ൽ ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ച സ്ഥാപനത്തിന്റെ 10–-ാം വാർഷികം കഴിഞ്ഞ മാസമാണ് ആഘോഷിച്ചത്.
പട്ട്വംമുക്ക് കെ. പി. ഗോവിന്ദൻ സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിൽ 406 മെമ്പർമാരും 4600 പുസ്തകങ്ങളും വിപുലമായ റഫറൽ ലൈബ്രറിയും ഇവിടെയുണ്ട്. പുസ്തകങ്ങൾ വീടുകളിൽ എത്തിക്കാൻ വനിതാ പുസ്തക വിതരണ പദ്ധതി, ആനുകാലിക വിഷയത്തിൽ പ്രഭാഷണങ്ങൾ, സാംസ്കാരിക നായകരുടെയും മറ്റും അനുസ്മരണങ്ങൾ, അനുമോദനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, ആയുർവേദ മെഡിക്കൽ ക്യാമ്പ്, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്, കുടിവെള്ള പരിശോധന ക്യാമ്പ്, ഡാൻസ് ക്ലാസ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, യോഗ പരിശീലന ക്ലാസ്, ഊർജ സംരക്ഷണ ക്ലാസ് എന്നിവ മികച്ച രീതിയിൽ സംഘടിപ്പിക്കാറുണ്ട്.
കോവിഡ് കാലത്ത് ഓൺലൈനിൽ വിവിധ പരിപാടികൾ നടത്തി. പുറമെ വായനശാല പരിധിയിലെ എല്ലാ വീട്ടുകാർക്കും പല വ്യജ്ഞന, പച്ചക്കറി കിറ്റുകളും വിദ്യാർഥികൾക്ക് പുസ്തക കിറ്റുകളും നൽകി. മരച്ചീനി കൃഷി, കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദയാത്രകൾ, സഹവാസ ക്യാമ്പുകൾ എന്നിവയും നടത്തി. ഈ വർഷം 600 പുസ്തകം ശേഖരിച്ചു. പി. സുമജൻ പ്രസിഡന്റും കെ. കെ. രാഘവൻ സെക്രട്ടറിയുമാണ്.