കണ്ണൂർ വിമാനത്താവള റൺവേ വികസനം അനിശ്ചിതത്വത്തിൽ; ഭൂമി ഏറ്റെടുക്കാനുള്ള തഹസിൽദാർ ഓഫീസിന്‍റെ പ്രവർത്തനം നിലച്ചു

Share our post

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനം അനിശ്ചിത്വത്തില്‍. ഭൂമി ഏറ്റെടുക്കലിനുളള മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഓഫീസിന്‍റെ പ്രവര്‍ത്തന കാലാവധി ദീര്‍ഘിപ്പിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് രണ്ട് മാസമായി ശമ്പളവും നല്‍കിയിട്ടില്ല. പണമടക്കാത്തതിനാല്‍ ഓഫീസിലേക്കുള്ള വൈദ്യതി ബന്ധം കെ. എസ്. ഇ. ബി വിച്ഛേദിച്ചതോടെ ജീവനക്കാര്‍ ഇരുട്ടിലായി.

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ സ്ഥലമേറ്റെടുപ്പിനായി മട്ടന്നൂരില്‍ സ്ഥാപിച്ച സ്പെഷ്യല്‍ തസില്‍ദാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം അനിശ്ചിത്വത്തില്‍. വൈദ്യുതി ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് ഫ്യൂസൂരിയതിനാല്‍ മൊബൈല്‍ വെട്ടമാണ് ഏക ആശ്രയം. കമ്പ്യൂട്ടറും നിശ്ചലമാണ്. റണ്‍വേയുടെ നീളം നാലായിരം മീറ്ററാക്കി വികസിപ്പിക്കാനുള്ള സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഓഫീസിന്‍റെ അവസ്ഥയാണിത്.

നേരത്തെ ഭൂമിയേറ്റെടുത്തതിന്‍റെ നടപടിക്രമം മുതല്‍ കോടതി വ്യവഹാരമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടവും ഈ ഓഫീസില്‍ തന്നെയാണ്. എന്നാല്‍ ഈ ഇരുട്ടത്തിരുന്ന് ഇതൊക്കെ എങ്ങനെ ചെയ്യാനാണെന്ന ചോദ്യമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്. ഈ ഓഫീസിലെ 23 ജീവനക്കാര്‍ക്കും ശമ്പളം കിട്ടിയിട്ട് മാസം രണ്ട് കഴിഞ്ഞു.

സ്വന്തം കൈയില്‍ നിന്നും പണമെടുത്തായിരുന്നു കഴിഞ്ഞ ആറ് മാസമായി വൈദ്യുതി ബില്‍ അടച്ചിരുന്നത്. ശമ്പളം കിട്ടാതായതോടെ അതും മുടങ്ങി. പിന്നാലെ കെ. എസ്. ഇ. ബി അധികൃതരെത്തി ഫ്യൂസ് ഊരുകയായിരുന്നു.ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വാടകയും മുടങ്ങിയിരിക്കുകയാണ്. കരാര്‍ പ്രകാരം ഓടുന്ന വാഹനത്തിന്‍റെ തുകയും നല്‍കിയിട്ടില്ല.

ഓരോ വര്‍ഷം കൂടുമ്പോഴും ഓഫീസിന് പ്രവര്‍ത്തനാനുമതി നീട്ടിനല്‍കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ഡിസംബറിന് ശേഷം പ്രര്‍ത്തനാനുമതി നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിമാന സര്‍വീസുകള്‍ കുറഞ്ഞത് മൂലം പ്രതിസന്ധി നേരിടുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനം സര്‍ക്കാര്‍ ഏതാണ്ട് മരവിപ്പിച്ച അവസ്ഥയാണ്.

സ്ഥലം നോട്ടിഫൈ ചെയ്തതനാല്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഭൂവുടമകള്‍ക്കും കഴിയില്ല. ഇത് മൂലം സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുമടമകള്‍ നേരത്തെ പ്രക്ഷോഭം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യൽ തഹസില്‍ദാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!