ഇന്ന് ലോക പരിസ്ഥിതി ദിനം: ഔഷധസസ്യ വിതരണവുമായി ദാസനെന്ന നന്മമരം

Share our post

പെരളശ്ശേരി: മൂന്നുപെരിയ-പാറപ്രം റോഡിലെ അക്ഷരയിൽ പി.വി. ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലും നിറയെ ഔഷധസസ്യങ്ങളാണ്. വീട്ടിലെത്തുന്ന എല്ലാവർക്കും സൗജന്യമായി ഔഷധസസ്യ തൈകൾ നൽകും. ഇതുവരെയായി നൽകിയത് 14 ലക്ഷത്തോളം ഔഷധസസ്യ തൈകൾ. 15 വർഷമായി ദാസൻ ഔഷധ സസ്യത്തൈകൾ നൽകുന്നു.

പ്രതിഫലം പറ്റാത്ത സാമൂഹിക പ്രവർത്തനമാണ് ഇദ്ദേഹത്തിന് ഔഷധസസ്യങ്ങളുടെ വിതരണം. ഇതിന്റെ വില്പനയിലൂടെ നഴ്സറികൾ വൻ ലാഭം കൊയ്യുന്ന കാലത്താണ് ഒരു രൂപ പോലും വാങ്ങിക്കാതെയുള്ള സേവനം. പിണറായി സർവീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറിയായിരുന്ന ദാസൻ വിരമിച്ചതിനുശേഷമാണ് ഇങ്ങനെയൊരു പ്രവർത്തനം തുടങ്ങിയത്.

വീട്ടുപറമ്പിലെ മണ്ണ് കിളച്ച് വളംചേർത്ത് ചെറിയ പായ്ക്കറ്റുകളിലാക്കി ഔഷധസസ്യങ്ങൾ നട്ടുവളർത്തും. ദാസൻ ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്യും. പോകുമ്പോൾ ഒരു വണ്ടി നിറയെ തൈകളും ഉണ്ടാവും. ഓരോ സസ്യവും കാണിച്ച് അതിന്റെ ഗുണങ്ങൾ വിവരിച്ചതിനുശേഷം ഇവ പഠിതാക്കൾക്ക് സൗജന്യമായി നൽകുന്നതാണ് രീതി.

സസ്യങ്ങൾ കൊണ്ടുവരാനുള്ള വണ്ടിവാടക മാത്രമാണ് സംഘാടകർക്കുള്ള ചെലവ്. കൂർക്കല, അയ്യമ്പന, ചിറ്റരത്ത, നിലാവേപ്പ്, സർപ്പപ്പോള, രാമനാമ പച്ച, ആടലോടകം, രംഭ, മാവ്, ഇഞ്ചി, വിവിധയിനം തുളസികൾ, പൊന്നാങ്കണ്ണി ചീര, ആരോഗ്യ ചീര, കറിവേപ്പില തുടങ്ങി പല സസ്യങ്ങളും ഇവിടെനിന്ന് ലഭിക്കും. കൂടാതെ, മംഗളാകവുങ്ങ്, പാഷൻ ഫ്രൂട്സ്, പ്ലാവ്, മാവ്, ഞാവൽ, ബദാം തുടങ്ങിയ ഫലവൃക്ഷച്ചെടികളും ഇവിടെനിന്ന് നൽകുന്നു.

ഔഷധസസ്യങ്ങളും നാട്ടറിവുകളും ഒന്നും രണ്ടും ഭാഗം, ഇലയറിവുകൾ, മാവിലക്കാവും ഐതിഹ്യങ്ങളും എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പരിഗണിച്ച് രണ്ടാഴ്ച മുൻപ് പെരളശ്ശേരി പഞ്ചായത്ത് ആദരിച്ചിരുന്നു. വിവിധ കോളേജുകളിൽനിന്ന് ഗവേഷണത്തിനായി വിദ്യാർഥികളും അധ്യാപകരും വീട് സന്ദർശിക്കാൻ എത്താറുണ്ട്. ചെറുമാവിലായി എ.കെ.ജി. വായനശാലയുടെ സെക്രട്ടറിയാണ്. ശാസ്ത്രസാഹിത്യപരിഷത്തിന്റെയും പുരോഗമന കലാസംഘത്തിന്റെയും പ്രവർത്തകൻ കൂടിയാണ്. 2021-ലെ സരോജിനി ദാമോദരൻ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. റിട്ട. അധ്യാപിക കെ.വി. ലീനാകുമാരിയാണ് ഭാര്യ. ദിൽനാദാസ്, സിംനദാസ് എന്നിവർ മക്കളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!