തീവണ്ടി ദുരന്തം: 51 മണിക്കൂറുകൊണ്ട് ട്രാക്കുകള്‍ പൂര്‍വസ്ഥിതിയിലാക്കി, ട്രെയിനുകള്‍ ഓടിത്തുടങ്ങി

ഭുവനേശ്വര്‍: രാജ്യം വിറച്ച ട്രെയിന്‍ ദുരന്തത്തിനു ശേഷം ബാലസോറിലൂടെ വീണ്ടും ട്രെയിന്‍ ഓടിത്തുടങ്ങി. അപകടം നടന്ന ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെയാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്.
അപകടം നടന്ന് അമ്പത്തിയൊന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ട്രാക്കുകള്‍ പഴയപടിയാക്കിയത്.
ട്രെയിന്‍ അപകടം നടന്ന രണ്ടു ട്രാക്കുകളും അറ്റകുറ്റപ്പണികള്‍ക്കു ശേഷം പൂര്‍വസ്ഥിതിയിലായതായും ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ബാലസോറില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചതിന്റെ ദൃശ്യങ്ങളും മന്ത്രി പങ്കുവെച്ചു
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു ഒഡിഷയിൽ അപകടമുണ്ടായത്. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. ഇത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിച്ചു.
തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്നിടിച്ചതോടെയാണ് അപകടം ഗുരുതരമായത്. 275 പേരാണ് അപകടത്തിൽ മരണപ്പെട്ടത്.