5ജി ഇന്റർനെറ്റ് കെ-ഫോണുമായി കൈകോർക്കാൻ ബി.എസ്.എൻ.എൽ

തിരുവനന്തപുരം : കേരളത്തിലെ 5ജി ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലാകാൻപോകുന്ന കെ ഫോണുമായി ബിഎസ്‌എൻഎൽ സഹകരിക്കും. ബി.എസ്.എൻ.എൽ സ്‌പ്രെക്ടവും ടവറുകളും കെ-ഫോണിന്റെ 5ജി സേവനത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണ് ആലോചനയിൽ. ബി.എസ്.എൻ.എൽ ഇതിനായുള്ള പദ്ധതിക്കുറിപ്പ് കെ-ഫോണിന് കൈമാറി. സർക്കാർതലത്തിൽ തീരുമാനമായശേഷം തുടർനടപടികളിലേക്ക് കടക്കും.
5ജി അതിവേഗ ഇന്റർനെറ്റ് ഏറ്റവും അനിവാര്യമായ ടെക്‌നോപാർക്ക്, കേരള സ്‌റ്റാട്ടപ് മിഷൻ, ഇൻഫോപാർക്ക് തുടങ്ങിയ മേഖലയ്‌ക്ക് മുൻഗണന നൽകുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. ബി.എസ്.എൻ.എല്ലിന്റെ നിലവിലെ ടവറുകൾ നവീകരിച്ചാൽ 5ജി സേവന സൗകര്യമൊരുക്കാനാകും.
ട്രായ് നിർദേശിച്ചിട്ടുള്ള ഉയർന്ന തരംഗദൈർഘ്യത്തിലുള്ള 5ജി ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ഒരോ നൂറുമീറ്ററിലും തൂണുകളിലും മറ്റും (സ്‌ട്രീറ്റ് ഫർണിച്ചറുകൾ) 5ജി സെല്ലുകൾ സ്ഥാപിക്കാൻ ഒപ്‌റ്റിക് ഫൈബർ ആവശ്യമാണ്. ഇതിന്റെ വലിയ ശേഖരമാണ് സംസ്ഥാനത്താകെ കെ ഫോൺ ഒരുക്കിയിട്ടുള്ളത്. വിദൂര മേഖലയിൽ ആദിവാസി ഊരുകളിൽവരെ 5ജി സേവനം ഉറപ്പാക്കാൻ കഴിയുന്ന ശൃംഖലയാണിത്. 48 ഒപ്‌റ്റിക് ഫൈബറാണ് കെ-ഫോൺ ഇട്ടിട്ടുള്ളത്.
ഇതിൽ 20 എണ്ണം കമ്പനി ഉപയോഗിക്കും. ബാക്കി 28 ഡാർക്ക് ഫൈബറുകൾ ഇന്റർനെറ്റ് സേവനദാതാക്കളായ മറ്റു കമ്പനികൾക്ക് വാടകയ്‌ക്ക് നൽകാൻ കെ-ഫോൺ തയ്യാറാണ്. ഈ അവസരമാണ് ബി.എസ്.എൻ.എല്ലും പ്രയോജനപ്പെടുത്തുന്നത്.