കോടികൾ മുടക്കി പള്ളി പണിതതിലെ കണക്കിനെച്ചാെല്ലി വിശ്വാസികളുമായി തർക്കം, ഇടവകക്കാരെല്ലാം മരിച്ചെന്നു പറഞ്ഞ് വികാരിയുടെ വക മരണ കുർബാന

Share our post

തൃശൂർ: പള്ളിപണിതതിലെ ചെലവ് കണക്കിനെച്ചൊല്ലി തർക്കം മുറുകിയതോടെ ഇടവക്കാരെല്ലാം മരിച്ചെന്നു പറഞ്ഞ് വികാരിയുടെ വക ‘മരണ കുർബാന’. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഇതിനിടെ വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് വിശ്വാസികളിൽ ചിലർ പളളിക്കുമുന്നിൽ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.

വൻതുക മുടക്കി പള്ളി പണിതതിലെ കണക്ക് ഇടവകക്കാർ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വികാരിയാണ് പള്ളിനിർമാണത്തിന് നേതൃത്വം നൽകിയത്.

അഞ്ചരക്കോടിയോളം രൂപ നിർമാണത്തിനായി വിശ്വാസികളിൽ നിന്ന് പിരിവിലൂടെ സമാഹരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

നിർമാണം പൂർത്തിയായശേഷം കണക്ക് ചോദിച്ചെങ്കിലും അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല. ഇതാേടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. തുടർന്ന് രൂപതയിൽ നിന്ന് കണക്ക് അവതിരിപ്പിക്കാൻ നിർദ്ദേശം ലഭിച്ചു. ഇതേത്തുടർന്ന് ഏഴുമാസത്തിനുശേഷം കണക്ക് അവതരിപ്പിച്ചു. ഈ കണക്കിനെച്ചൊല്ലിയും പ്രതിഷേധമുയർന്നു.

ഇതിനിടെ ദേവാലയ സംരക്ഷണ സമിതി എന്നപേരിൽ വികാരിക്കെതിരെ ചിലർ സംഘടിക്കുകയും ആരോപണങ്ങൾ ഉന്നയിച്ച് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

പഴയ പള്ളി പൊളിച്ചപ്പോൾ കിട്ടിയ ലക്ഷങ്ങൾ വിലയുള്ള മര ഉരുപ്പടികള്‍ എവിടെ, പള്ളിയുടെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് പള്ളിയില്‍ സിസിടിവി വയ്ക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് ബോർഡുകളിൽ ഉണ്ടായിരുന്നത്.

പള്ളിയുമായി ബന്ധപ്പെട്ട പണമിടപാടുകൾ വികാരി നേരിട്ട് നടത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായതും ‘മരണ കുർബാന’ നടത്തിയതും.തനിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടും ഇടവകയിലെ ഒരാളും പ്രതികരിച്ചില്ലെന്നും അതിനാൽ ഇടവകക്കാരെല്ലാം മരിച്ചു എന്നുപറഞ്ഞായിരുന്നു മരണകുർബാന നടത്തിയത്. ഇതോടെ സംഭവം കൈവിട്ട അവസ്ഥയിലാണ്. നേരത്തേ വികാരിക്ക് അനുകൂലമായി നിന്നവരും ഇപ്പോൾ കാലുമാറിയിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!