കോഴിക്കോട്ട് രണ്ട് കുട്ടികളെ കടലില്‍ കാണാതായി; അപകടം ഫുട്ബോൾ കളിക്കുന്നതിനിടെ, തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപം രണ്ട് കുട്ടികൾ കടലിൽപ്പെട്ടു. ബോൾ എടുക്കുന്നതിനായി ഇവർ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടം. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മറ്റ് രണ്ട് പേരെ കൈയ്യിൽ കിട്ടിയെന്നാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാൾ പറയുന്നത്. എന്നാൽ ഇവർ പിന്നീട് തിരയിൽപ്പെട്ട് പോവുകയായിരുന്നു. ഇവരിൽ ഒരാൾക്ക് നീന്തൽ അറിയില്ലെന്നും വിവരമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നിലവിൽ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് അഗ്നിശമന സേനയും പോലീസും എത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ കടലിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിന് അധികൃതർക്ക് സാധിച്ചിട്ടില്ല.