കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ സമൂഹ വിരുദ്ധരുടെ താവളം

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്‌റ്റേഷനും പരിസരവും സമൂഹവിരുദ്ധരുടെ താവളമായിട്ടും നടപടിയെടുക്കാതെ റെയിൽവേ അധികൃതരും ആർ.പി.എഫും. മയക്കുമരുന്ന് സംഘവും പിടിച്ചുപറിക്കാരും വിലസുകയാണ് ഇവിടെ. കാടുമൂടിക്കിടക്കുന്ന നാലാം പ്ലാറ്റ്ഫോമിലൂടെയും ചുറ്റുമതിൽ പോലുമില്ലാത്ത വഴിയിൽ കൂടിയും ആർക്കും റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിലും ട്രാക്കുകളിലും എത്താം. എലത്തൂർ സംഭവത്തിൽ കത്തിയ ഡി-വൺ, ഡി ടു കോച്ചുകൾ സീൽ ചെയ്ത് സൂക്ഷിച്ച യാർഡിൽ തൊട്ടടുത്ത് നിർത്തിയിട്ട ട്രെയിനാണ് വ്യാഴം പുലർച്ചെ തീയിട്ടത്. അവിടെ പോലും സുരക്ഷ ഏർപ്പെടുത്തിയിട്ടില്ല.
പ്രധാന കവാടത്തോട് ചേർന്നുള്ള ഒന്നാം പ്ലാറ്റ് ഫോം പരിസരത്ത് പോലും രാത്രിയായാൽ സധാരണ യാത്രക്കാർക്ക് ഭീതിയോടെ മാത്രമേ നിൽക്കാൻ പറ്റൂ. നഗരഹൃദയത്തിൽ നിർമാണം നിലച്ച റെയിൽവേ ക്വാർട്ടേഴ്‌സ് സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. 2017 മേയിൽ പണി ആരംഭിച്ച റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഈ ക്വാർട്ടേഴ്‌സ് നോക്കുകുത്തിപോലെ നിൽക്കുകയാണ്. ഇവിടെനിന്ന് ആയുധങ്ങൾ ഉൾപ്പെടെ പിടികൂടിയിട്ടും റെയിൽവേ അധികൃതർക്ക് കുലുക്കമില്ല.
കിഴക്കെ കവാടം ഉൾപ്പെടെ പലഭാഗത്തും രാത്രിയായാൽ യാത്രക്കാർക്ക് ഒറ്റയ്‌ക്ക് നടക്കാൻ കഴിയില്ല. വ്യാഴം പുലർച്ചെ ട്രെയിനിന് തീയിട്ട പ്രതിയും സ്‌റ്റേഷൻ പരിസരത്തെ സ്ഥിരം ശല്യക്കാരനാണ്. രണ്ട് മാസം മുമ്പ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് കുറ്റിക്കാട്ടിൽ തീയിട്ടതാണ്. അന്ന് മനോനില തെറ്റിയ ആൾ എന്ന് വിശേഷിപ്പിച്ച് റെയിൽവേ അധികൃതർ പറഞ്ഞുവിടുകയായിരുന്നു. കഴിഞ്ഞ ദിവസവും ഈ പ്രതിയും സുരക്ഷാ ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായതായും പറയുന്നു. എന്നിട്ടും റെയിൽവേ അധികൃതരോ ആർ.പി.എഫോ ഒരു നടപടിയും എടുത്തില്ല. ഇത്തരക്കാർ സ്‌റ്റേഷൻ കോമ്പൗണ്ടിൽ കയറുന്നത് തടയാനും തയ്യാറാകുന്നില്ല.