മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലെങ്കിൽ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി-കലക്ടർ

മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു.
മഴക്കാലത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഇതിന്റെ ഭാഗമായി താലൂക്ക് തലത്തിൽ യോഗങ്ങൾ ചേർന്നുവരുന്നു.
45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ടുകൾ ഉൾപ്പെടുത്തി പരിഷ്‌ക്കരിച്ചതിന് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് ജുൺ 20ന് മുമ്പ് നിർവഹണ ഉദ്യോഗസ്ഥർ പരിശോധിച്ച് അംഗീകാരം നൽകണമെന്ന് ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. പി. ദിവ്യ നിർദേശിച്ചു.
യോഗത്തിൽ കോർപറേഷൻ മേയർ അഡ്വ. ടി. ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സമിതി അംഗങ്ങളായ അഡ്വ. ടി. സരള, വി. ഗീത, കെ. താഹിറ, ഇ. വിജയൻ, ലിസി ജോസഫ്, കെ. വി ലളിത, കെ. വി. ഗോവിന്ദൻ, അസി. കലക്ടർ മിസാൽ സാഗർ ഭരത് എന്നിവർ സംബന്ധിച്ചു.