എങ്ങനെ നാടണയും; വിമാന സർവിസുകളിൽ അനിശ്ചിതത്വം; വട്ടംകറങ്ങി യാത്ര

Share our post

കുവൈത്ത് സിറ്റി: സ്കൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി വിമാന സർവീസുകളിലെ അനിശ്ചിതത്വം.

കണ്ണൂർ, കോഴിക്കോട് മേഖലകളിലെ പ്രവാസികൾക്കാണ് എറെ ദുരിതം. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവീസ് നിർത്തിവെച്ചത് അനിശ്ചിതമായി നീളുകയാണ്. ജൂൺ നാലുവരെയുള്ള സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഗോ ഫസ്റ്റ് പുതിയ ബുക്കിങ് സ്വീകരിക്കുന്നുമില്ല.

ഇതോടെ വിമാന സർവീസ് നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് കണ്ണൂർ, കോഴിക്കോട് മേഖലയിലെ പ്രവാസികൾ. സീസൺ തിരക്കും ചർജ് വർദ്ധനവും കണക്കിലെടുത്ത് ഈ വിമാനത്തിൽ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു.

എന്ന് സർവീസ് പുനരാരംഭിക്കുമെന്ന് രൂപമില്ലാത്തതിനാൽ ഇവരെല്ലാം മറ്റു വിമാനങ്ങളിൽ ടിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. സീസൺ ആയതിനാൽ മറ്റു വിമാനങ്ങളിലും ടിക്കറ്റ് കിട്ടാത്ത അവസഥയുണ്ട്. കൂടുതൽ പണവും സമയ നഷ്ടവും അനുഭവിക്കുകയും വേണം.

കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമായിരുന്നു ഗോ ഫസ്റ്റ്. കുവൈത്തിൽ നിന്ന് ശനി,വ്യാഴം,ചൊവ്വ ദിവസങ്ങളിൽ കണ്ണൂരിലേക്കും തിരിച്ച് കു​വൈ​ത്തി​ലേ​ക്കും ഗോ ഫസ്റ്റ് സർവീസ് നടത്തിയിരുന്നു.

ഗോ ഫസ്റ്റിന് പുറമെ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് ഉള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാണ് സർവീസ് എന്നതിനാൽ കണ്ണൂർ പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുയാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മേയ് ആദ്യ വാരമാണ് ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം മടക്കി നൽകിവരുന്നതായും സർവീസ് ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.

വളഞ്ഞ യാത്ര, പണവും സമയവും നഷ്ടം ഗോ ഫസ്റ്റിന് കണ്ണൂരിലേക്ക് ടിക്കറ്റ് എടുത്തിരുന്ന വടകര സ്വദേശികളായ കുടുംബം യാത്ര അനിശ്ചിതത്വം തുടരുന്നതിനാൽ കോഴിക്കോട് ടിക്കറ്റിന് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല.

ഇതോടെ മറ്റൊരു വിമാന കമ്പനിയിൽ ബംഗളുരുവിലേക്ക് ടിക്കറ്റ് എടുക്കാൻ നിർബന്ധിതരായി ഇവർ. ബംഗളുരുവിൽ ഇറങ്ങി വാഹനം വിളിച്ച് നാട്ടിലെത്താൻ ഇവർ ഇനി വൻതുക മുടക്കണം. ഒരു ദിവസം യാത്രക്കും നഷ്ടപ്പെടും. കുടുംബവും ലഗേജുമായുള്ള റോഡുയാത്രയും സഹിക്കണം.

ഇതേ വിമാനത്തിൽ യാത്രക്കൊരുങ്ങിയ മറ്റൊരു കുടുംബത്തിന് കൊച്ചിയിലേക്കാണ് ടിക്കറ്റ് ലഭിച്ചത്. ചികിൽസ ലക്ഷ്യമിട്ട് നാട്ടിൽ പോകുന്ന ഇവർ കൊച്ചിയിൽ വിമാനമിറങ്ങി റോഡുമാർഗം കണ്ണൂരിലെത്തണം. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് പ്രയാസപ്പെടുന്നത്.

ജൂൺ 23 ലെ കൊച്ചി ജസീറ സർവിസ് റദ്ദാക്കി ജൂൺ 23ന് കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള ജസീറ എയർവേസ് സർവിസ് റദ്ദാക്കി. ഇതുസംബദ്ധിച്ച് ഈ ദിവസം ടിക്കറ്റ് എടുത്തവർക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

23ന് ടിക്കറ്റ് എടുത്തവരിൽ ചിലർക്ക് തൊട്ടടുത്ത ദിവസത്തെ വിമാനത്തിൽ അവസരം നൽകിയിട്ടുണ്ട്. എന്നാൽ മിക്ക ദിവസങ്ങളിലും സീറ്റ് ഇല്ലാത്തതിനാൽ പലരുടെയും യാത്ര പ്രയാസത്തിലായിരിക്കുകയാണ്.

മൂന്നു വിമാനങ്ങളിൽ ടിക്കറ്റെടുത്ത് കാത്തിരിപ്പ്

കുവൈത്ത് സിറ്റി: ഈ അവധിക്കാലത്തു നാട്ടിലെത്താൻ മൂന്നു വിമാനങ്ങളിലാണ് കോഴിക്കോട് സ്വദേശിയായ ഫാഹൂഖ് ഹമദാനിക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നത്. ജൂൺ 24ന് ഗോ ഫസ്റ്റിൽ കണ്ണൂരിലേക്ക് ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നു.

എന്നാൽ ഗോഫസ്റ്റ് സർവീസ് പുനരാരംഭിക്ക​ുമോ എന്ന സംശയം നിലനിൽക്കുന്നതിനാൽ 23ന് ജസീറ എയർവേസിൽ കൊച്ചിയിലേക്ക് ടിക്കറ്റെടുത്തു. അതിനിടെയാണ് 23ലെ ജസീറ എയർവേസ് റദ്ദാക്കിയതായ അറിയിപ്പ് കിട്ടിയത്.

ഇതോടെ ലീവ് കിട്ടിയപ്പോൾ നാട്ടിലെത്താനാകില്ലേ എന്ന സംശയമായി. ഒടുവിൽ കുവൈത്ത് എയർവേസിൽ കൊച്ചിയിലേക്ക് ടിക്കറ്റ് ലഭിച്ചു. എന്നാൽ ഈ വിമാനം അഹമ്മദാബാദ് വഴി രണ്ടുമണിക്കൂർ വൈകിയാണ് കൊച്ചിയിലെത്തുക.

2020 ജനുവരിയിൽ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാനിരിക്കെ കോവിഡ് മൂലം അപ്രതീക്ഷിതമായി വിമാനം റദ്ദാക്കുകയും വിമാനത്താവളം അടക്കുകയും ചെയ്ത അനുഭവവും തനിക്കുണ്ടെന്ന് ഫാഹൂഖ് ഹമദാനി പറഞ്ഞു. അഞ്ചുപേരുടെ ടിക്കറ്റിന്റെ പണം അന്ന് ഒരു വർഷം കഴിഞ്ഞാണ് ഇദ്ദേഹത്തിന് തിരികെ ലഭിച്ചത്. പോകാത്ത യാത്രയുടെ സർവീസ് ചാർജ് ടിക്കറ്റിൽ നിന്ന് ഈടാക്കുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!