‘മിന്നൽ’ കൊറിയറുമായി കെ.എസ്‌.ആർ.ടി.സി; അമ്പത്‌ ഡിപ്പോയിൽ എ.ടി.എം

Share our post

തിരുവനന്തപുരം : കൃത്യതയോടെയും വേഗതയോടെയും കെ.എസ്‌.ആർ.ടി.സി കൊറിയർ, ചരക്ക്‌ കടത്ത്‌ സേവനം ജൂൺ 15 മുതൽ. സംസ്ഥാനത്തെ 55 കെ.എസ്‌.ആർ.ടി.സി ഡിപ്പോകൾ ബന്ധിപ്പിച്ചാണ്‌ തുടക്കം. ഡിപ്പോ ടു ഡിപ്പോ എന്ന നിലയിലാണ്‌ ആദ്യഘട്ടത്തിൽ സാധനങ്ങളും കവറുകളും എത്തിക്കുക. കേരളത്തിന്‌ പുറത്ത്‌ ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സർവീസ്‌ ഉണ്ടാകും. കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കും. രണ്ടാംഘട്ടത്തിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കും. തമ്പാനൂർ സെൻട്രൽ സ്‌റ്റേഷനിലാണ്‌ ഉദ്‌ഘാടനം.

കൊറിയർ സർവീസിനായി ഫ്രണ്ട്‌ ഓഫീസ്‌ സംവിധാനം മിക്ക ഡിപ്പോകളിലും വിപുലീകരിച്ചു . കൊറിയർ ആൻഡ്‌ ലോജിസ്‌റ്റിക്‌സിനായി ലോഗോയും തയ്യാറാക്കി. സാധനങ്ങൾ പാക്ക്‌ ചെയ്‌ത്‌ വേണം എത്തിക്കാൻ. കൊറിയർ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും ഉൾപ്പെടെ ആറ്‌ എസ്‌.എം.എസ്‌ ലഭിക്കും. നഗരങ്ങളിലെയും ദേശീയത പാതയ്‌ക്ക്‌ സമീപമുള്ള ഡിപ്പോകളിൽനിന്നും 24 മണിക്കൂറും സർവീസ്‌ ഉണ്ടാകും. ഉൾപ്രദേശങ്ങളിലെ ഡിപ്പോകളിൽ ഇത്‌ രാവിലെ ഒമ്പത്‌ മുതൽ രാത്രി ഒമ്പത്‌ വരെയാകും. കൊറിയർ അയക്കുന്ന ആൾ തിരിച്ചറിയൽ രേഖയുമായിട്ടായിരിക്കണം ഫ്രണ്ട്‌ ഓഫീസിൽ എത്താൻ. കവറുകളും സാധനങ്ങളും മൂന്നുദിവസത്തിനകം സ്വീകരിക്കണം. അതിനുശേഷമുള്ള ഡെലിവറിക്ക്‌ പിഴയീടാക്കും. തിരുവനന്തപുരത്തുനിന്ന്‌ എറണാകുളം ഡിപ്പോയിലേക്ക്‌ ആറുമണിക്കൂറിനകവും തൃശൂരിലേക്ക്‌ എട്ടുമണിക്കൂറിനകവും കൊറിയർ എത്തിക്കും.

അമ്പത്‌ ഡിപ്പോയിൽ എ.ടി.എം

ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി അമ്പത്‌ ഡിപ്പോകളിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ എ.ടി.എം സ്ഥാപിക്കും. എ.ടി.എം തുറക്കാൻ ഹിറ്റാച്ചിക്കാണ്‌ അനുമതി. നഗരകേന്ദ്രീകൃത ഡിപ്പോകളാണ്‌ ഇതിനായി തെരഞ്ഞെടുത്തത്‌. കഴിഞ്ഞവർഷം ഷോപ്പിങ്‌ കോംപ്ലക്‌സുകളുടെ വാടക ഇനത്തിലൂടെയും പരസ്യത്തിലൂടെയും 30 കോടി വരുമാനമുണ്ടാക്കാൻ കൊമേഴ്‌സ്യൽ വിഭാഗത്തിന്‌ കഴിഞ്ഞിരുന്നു. ആ വർഷം 3.5 കോടി രൂപയായിരുന്നു ചെലവ്‌. ഈവർഷം വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!