പുല്‍പള്ളി ബാങ്ക് തട്ടിപ്പ്; വായ്പയെടുത്ത കര്‍ഷകന്‍ ജീവനൊടുക്കി

വയനാട്: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകേസിലെ പരാതിക്കാരനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായരാണ് (60) ജീവനൊടുക്കിയത്.
സമീപവാസിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കുറ്റപ്പെടുത്തി നാട്ടുകാര്‍ രംഗത്തെത്തി.
ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായാണ് രാജേന്ദ്രന്റെ പേരില്‍ ബാങ്ക് രേഖയുള്ളത്. എന്നാല്‍ 80,000 രൂപമാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ അറിവോടെ എടുത്തതല്ലെന്നും രാജേന്ദ്രന്‍ പറയുന്നു.
ചെറിയ ഒരു കാര്‍ഷിക വായ്പയ്ക്കുവേണ്ടിയാണ് ഒപ്പിട്ടുനല്‍കിയത്. പക്ഷേ പിന്നീട് പരിശോധിച്ചപ്പോള്‍ പലിശയടക്കം 40 ലക്ഷം രൂപയോളം ബാധ്യത വരുന്ന സ്ഥിതിയിലെത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഇത്തരത്തില്‍ പലരുടെയും പേരില്‍ പുല്‍പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പട്ടയം കൊടുത്ത് രണ്ടുലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടു.
ഇതിനായുള്ള ഒപ്പുകള്‍ പതിച്ചുനല്‍കി. എന്നാല്‍ ഒരു രൂപ പോലും വായ്പയെടുത്തിരുന്നില്ല. തുടര്‍ന്ന് 36 ലക്ഷം രൂപ ബാധ്യത വന്നെന്നും പലിശ സഹിതം നിലവില്‍ 60 ലക്ഷം രൂപയായെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.
2017-ല്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്ന കെ.കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ പുല്‍പള്ളി സഹകരണ ബാങ്കില്‍ ഒരു ജനകീയ ബോഡി അധികാരത്തില്‍ വന്നു.
തുടര്‍ന്ന് ഇദ്ദേഹവും കൂട്ടരും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ നടത്തുകയായിരുന്നെന്ന് ഇതിനെതിരേ സമരം നടത്തിയവര്‍ പറയുന്നു. ചെറിയ വായ്പയ്ക്ക് ചെന്നവരുടെ പട്ടയം ഉപയോഗിച്ച് അവരറിയാതെ ലക്ഷങ്ങള്‍ കൈപ്പറ്റി.
തുടര്‍ന്ന് സഹകരണ വകുപ്പ് അന്വേഷണത്തില്‍ നാല്‍പതോളം വായ്പകളിലായി എട്ടരക്കോടി ക്രമക്കേട് നടന്നതായി കണ്ടെത്തി. 2017 മുതല്‍ ഇതില്‍ അകപ്പെട്ടവര്‍ നീതിക്കായി പോരാടുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. അഞ്ചുകൊല്ലമായി ഒരു നടപടിയുമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.