ഫുൾ എപ്ലസ് നേടിയ നേപ്പാൾ സ്വദേശിക്ക് മലയാളി എ പ്ലസ്സുകാർ വക അനുമോദനം, മനം നിറഞ്ഞ് നാട്ടുകാർ

കോഴിക്കോട്: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതോടെ നാട്ടില്‍ അനുമോദന ചടങ്ങുകള്‍ സജീവമാണ്. എന്നാല്‍ എസ്. എസ്. എൽ. സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഒരു വിദ്യാർഥിയെ മറ്റ് മൂന്ന് വിദ്യാര്‍ത്ഥിനികൾ ചേർന്ന് അനുമോദിക്കുന്ന വ്യത്യസ്ത കാഴ്ചക്ക് വേദിയൊരുങ്ങിയിരിക്കുകയാണ് മുക്കം അഗസ്ത്യന്‍മുഴി.
എസ്. എസ്. എൽ. സിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നേപ്പാള്‍ സ്വദേശിയായ സുനിതയെയാണ് സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ ചേർന്ന് അനുമോദിച്ചത്.
എസ്. എസ്. എൽ. സിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സ്‌നിഗ്ധ സന്തോഷ്, അഭിന ജയ്കിഷ് ,സംവൃത സജീവ് എന്നീ വിദ്യാര്‍ഥിനികളാണ് സുനിതയെ ആദരിക്കാനൊരു ചടങ്ങ് സംഘടിപ്പിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേപ്പാളില്‍ നിന്ന് മലയോരത്തെത്തി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സുനിതയെ അനുമോദിക്കണമെന്ന ആഗ്രഹം നാട്ടുകൂട്ടം സന്നദ്ധ സംഘടന വഴിയാണ് വിദ്യാര്‍ഥിനികള്‍ യാഥാര്‍ത്ഥ്യമാക്കിയത്.
താഴേക്കോട് എ.യു.പി.സ്‌കൂളിലെത്തിയ സുനിതയെ മൂവരും ചേര്‍ന്ന് പൂക്കള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് കുശലാന്വേഷണങ്ങള്‍ക്കു ശേഷം പൊന്നാടയണിയിച്ചു ഉപഹാരം കൈമാറി.
കൗമാര മനസുകളുടെ കലര്‍പ്പില്ലാത്ത സ്‌നേഹപ്രകടനങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ ഇവരുടെ മാതാപിതാക്കളും, മറ്റു മുതിര്‍ന്നവരും എത്തിയിരുന്നു. പരീക്ഷയില്‍ വിജയിച്ച സന്തോഷത്തോടൊപ്പം തന്റെ സമപ്രായക്കാര്‍ നല്‍കിയ ആദരവ് കൂടിയായപ്പോള്‍ സുനിതക്കും അത് ഇരട്ടി മധുരമായി.