കോട്ടയിൽ-കുണ്ടേരിപ്പൊയിൽ പാലത്തിന്റെ നിർമ്മാണത്തിന് വേഗമേറി

ചിറ്റാരിപ്പറമ്പ് : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണത്തിന് വേഗമേറി. ഇരുകരകളിലുമായി പതിനഞ്ചോളം പൈലിങ്ങുകളാണ് നടത്തുന്നത്.
പാലത്തിന്റെ അനുബന്ധ റോഡ് നിർമാണവും തുടങ്ങി. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് രണ്ടാം വാർഡിനെയും മാലൂർ പഞ്ചായത്ത് പത്താം വാർഡിനെയും വേർതിരിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴക്ക് കുറുകെ 4.94 കോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്.
അനുബന്ധ റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയാണ് തുക അനുവദിച്ചത്. കോട്ടയിൽ ഭാഗത്തുനിന്ന് പാലത്തിലേക്കുള്ള 90 മീറ്റർ നീളത്തിൽ അനുബന്ധ റോഡിന്റെ നിർമാണം പൂർത്തിയായി.
കുണ്ടേരിപ്പൊയിൽ ഭാഗത്ത് 119 മീറ്റർ നീളത്തിലാണ് അനുബന്ധ റോഡ് നിർമിക്കുന്നത്. റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള കരിങ്കൽകെട്ടിന്റെ പ്രവൃത്തി നടന്നുവരികയാണ്. നിലവിലുള്ള കോൺക്രീറ്റ് നടപ്പാലത്തിന് സമീപത്തായാണ് പുതിയ പാലം. 60 മീറ്ററാണ് പാലത്തിന്റെ നീളം. 20 മീറ്ററിന്റെ മൂന്ന് സ്പാനുകളാണ് ഉണ്ടാകുക. 10 മീറ്റർ വീതിയുള്ള പാലത്തിന് ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുണ്ട്.
2023 മാർച്ചിൽ മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2023 ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കാനാണ് സമയപരിധി. 20 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് നടപ്പാലമാണ് വർഷങ്ങളായി പുഴ കടക്കാനുള്ള നാട്ടുകാരുടെ ഏക ആശ്രയം.