ജലത്തിൽ ജീവൻ പൊലിയാതിരിക്കാൻ ബോധവൽക്കരണ നീന്തൽ

Share our post

പയ്യന്നൂർ : ജല അപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ആയാസ രഹിത നീന്തൽ പരിശീലിക്കണമെന്ന സന്ദേശവുമായി ബോധവൽക്കരണ നീന്തൽ. ജില്ലാ ഭരണകേന്ദ്രവും ചാൾസൺ സ്വിമ്മിങ് അക്കാദമി ട്രസ്‌റ്റും ചേർന്നാണ്‌ നീന്തൽ സംഘടിപ്പിച്ചത്‌. രാമന്തളി ഏറൻ പുഴയിലെ ഐ.എൻ.എ ബോട്ടുജെട്ടിക്ക് സമീപം കണ്ണൂർ റൂറൽ എസ്‌.പി എം. ഹേമലത ഫ്‌ളാഗ് ഓഫ് ചെയ്‌തു. 

കലക്ടർ എസ്. ചന്ദ്രശേഖർ ഒരു കിലോമീറ്റർ കായലിൽ നീന്തി ഉദ്ഘാടനംചെയ്‌തു. നീന്തൽ പരിശീലകരായ ചാൾസൺ എഴിമല, മകൻ വില്യംസ് ചാൾസൺ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളുൾപ്പെടെ 50 ഓളം പേർ വലിയപറമ്പിലേക്കും തിരിച്ചും നീന്തി. ആയാസ രഹിത നീന്തലിന്റെ ഭാഗമായി ജലോപരിതലത്തിൽ വിശ്രമിക്കുന്നതിനുള്ള ഫ്‌ളോട്ടിങ് പരിശീലനവും നൽകി. 

നീന്തലിനുശേഷം കരയിലെത്തിയ കലക്ടറെ ടി.ഐ. മധുസൂദനൻ എം.എൽ.എ പൊന്നാടയണിയിച്ചു. ബോട്ടുജെട്ടിയിൽ നടന്ന സമാപന സമ്മേളനത്തിൽ ജാക്‌സൺ എഴിമല അധ്യക്ഷനായി. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു, പി. രഞ്ജിത്ത്, ടി. ഗോവിന്ദൻ, എ. വത്സല, പയ്യന്നൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ പ്രഭാകരൻ, തളിപ്പറമ്പ് ഫയർ സ്‌റ്റേഷൻ ഓഫീസർ പി. രാജേഷ്, ഫയർ ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി പി.വി. പവിത്രൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!