സ്വദേശിവത്കരണം; 1900 പ്രവാസികൾക്ക് ജോലി നഷ്ടമാകും, തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ നിർദേശം

കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റിൽ സേവനമനുഷ്ടിക്കുന്ന പ്രവാസി അദ്ധ്യാപകരുടെ ജോലി നഷ്ടമാകും. 2400 പ്രവാസി അദ്ധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി.
പ്രവാസി അദ്ധ്യാപകർക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1900 പേർക്ക് ജോലി നഷ്ടമാകുന്നത്. ബാക്കി വരുന്ന 500 പേരിൽ ഇതിനോടകം രാജി സമർപ്പിച്ച പ്രവാസി അദ്ധ്യാപകരാണ് ഉൾപ്പെടുന്നത്.
ഇവർക്ക് അദ്ധ്യായന വർഷത്തിന്റെ അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാം. ഈ സമയത്ത് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും നൽകിയ ശേഷമായിരിക്കും സ്വരാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകാനുള്ള അവസരം ഒരുക്കുക.
അതേസമയം രാജ്യത്തെ സ്വദേശിവത്കരണത്തിന്റെ നിരക്ക് ഓരോ വർഷവും വർദ്ധിപ്പിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഫെഡറൽ നിയമപ്രകാരം നടത്തി വരുന്ന സ്വദേശിവത്കരണത്തിന്റെ ശതമാനം എല്ലാ വർഷവും വർദ്ധിപ്പിച്ച് 2026-ഓടെ പത്ത് ശതമാനമാക്കി മാറ്റുമെന്നാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ അറിയിച്ചത്.
നിലവിലെ രീതി തുടർന്നാൽ സ്വദേശികൾക്ക് തൊഴിലവസരങ്ങളുടെ പുതിയ യുഗം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.