കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു: ജൂൺ ഒന്നിന് നെയ്യാട്ടം

കൊട്ടിയൂർ: 2023 വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടത്തി. ശനിയാഴ്ച രാവിലെയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചടങ്ങുകളാരംഭിച്ചു.
കോട്ടയം തിരൂർകുന്നിൽ നിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി സംഘവും രാവിലെയോടെ ഇക്കരെ കൊട്ടിയൂരിലെത്തിയിരുന്നു.
ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്ര നടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയിലിലും തണ്ണിംകുടി ചടങ്ങ് നടത്തി.
തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ പാരമ്പര്യ ഊരാളന്മാരും, മറ്റ് അടിയന്തരക്കാരും ആചാരപ്രകാരം പ്രത്യേക വഴികളിലൂടെ മന്ദംചേരിയിൽ ഉരുളിക്കുളത്തിലെത്തി.
അവിടെനിന്നും ശേഖരിച്ച കൂവയിലകളോടെ ബാവലിപ്പുഴയിലെത്തി കുളിച്ച്, കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാന്റെ അനുമതിയോടെ അക്കരെ സന്നിധാനത്ത് പ്രവേശിച്ചു.
കൂവ ഇലയിൽ ശേഖരിച്ച തെളിനീര് പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ അഭിഷേകം ചെയ്തു. തുടർന്ന് പ്രസാദമായി അഷ്ടബന്ധവും സ്വീകരിച്ച് അടിയന്തിരക്കാർ സന്നിധാനത്തുനിന്നും മടങ്ങി.
അർധരാത്രിയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ പ്രത്യേക പൂജയും അടിയന്തരക്കാർക്ക് അപ്പട നിവേദ്യവും ഉണ്ടാകും.
ജൂൺ ഒന്നിനാണ് നെയ്യാട്ടം.നെയ്യാട്ട ദിവസം സന്ധ്യയോടെ വയനാട്ടിലെ മുതിരേരി കാവിൽനിന്നും വാൾ വരവ് നടക്കും.
ജൂൺ 2 ന് അർധരാത്രിയോടെ ഭണ്ഡാരം എഴുന്നളത്തിനൊപ്പം ഇക്കരെ ക്ഷേത്രത്തിലെ ദേവീദേവൻമാരുടെ തിടമ്പുകളും മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളും അക്കരെ സന്നിധാനത്ത് പ്രവേശിച്ചാൽ മാത്രമേ വൈശാഖമഹോത്സവത്തിലെ നിത്യനിദാന പൂജകൾ ആരംഭിക്കൂ.ജൂൺ 3 മുതൽ സ്ത്രീകൾക്ക് അക്കരെ സന്നിധാനത്ത് പ്രവേശനം അനുവദിക്കും.