തലശ്ശേരി – മാഹി ബൈപ്പാസിൽ ഇനിയും കടമ്പകൾ; യാത്രയ്ക്ക് ഇനിയും കാത്തിരിപ്പ്

തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരി – മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തീയതികൾ മാറ്റി മാറ്റി പറഞ്ഞ ദേശീയപാതാ അധികൃതർ ഇപ്പോഴും ഇക്കാര്യത്തിൽ ഉരുണ്ടുകളിക്കുകയാണ്.
ബൈപ്പാസ് പൂർത്തീകരണം അപ്രതീക്ഷിത കടമ്പകളിൽ ഉടക്കി അനിശ്ചിതമായി നീളുന്നതാണ് കാരണമായി പറയുന്നത്.നിട്ടൂർ ബാലത്തിലും മാഹി അഴിയൂരിലും നിർമ്മാണത്തിലുള്ള രണ്ട് പാലങ്ങളുടെ പ്രവൃത്തികൾ വൈകുന്നതാണ് നിലവിലെ പ്രശ്നമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
അഞ്ചരക്കണ്ടി പുഴയുടെ കൈവഴിയായ ധർമ്മടം പുഴക്ക് കുറുകെ കിഴക്കേ പാലയാട് മുതൽ നിട്ടൂർ ബാലം വരെ പണിയുന്ന ബൈപ്പാസിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ ശനിദശ 2020 ആഗസ്റ്റ് 26ന് ബീമുകൾ പുഴയിൽ തകർന്നു വീണതോടെ തുടങ്ങിയതാണ്.പുതുക്കി പണിതുവെങ്കിലും വൈകി വന്ന തീരുമാനത്തെ തുടർന്ന് 67 മീറ്റർ കൂടി പാലം പുതുതായി നീട്ടി പണിയുന്നുണ്ട്.
ഇത് ഏതാണ്ട് അവസാനഘട്ടത്തിലാണുള്ളത്. മാഹി അഴിയൂരിലെ റെയിൽ പാലമാണ് ബൈപ്പാസ് വഴിയിൽ മറ്റൊരു ചോദ്യചിഹ്നമായി കിടക്കുന്നത്. മാഹി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിന് മുകൾ ഭാഗത്ത് സ്ഥാപിക്കേണ്ട ഓവർ ബ്രിഡ്ജ് ഗർഡറുകൾ യഥാസമയം എത്താത്തതാണ് ഇവിടത്തെ പ്രയാസം. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേക്കാണ്.
ചെന്നൈയ്ക്കടുത്ത് കാട്പാടിയിലെ റെയിൽവേ ഗാരേജിൽ ഗർഡറുകൾ ഒരുങ്ങുന്നുണ്ട്. ഇത് മാഹിയിലെത്തിച്ച് ട്രെയിൻ ഗതാഗതം ക്രമീകരിച്ചു വേണം സ്പാനുകളിൽ കയറ്റിവെക്കേണ്ടത്. ഇതിന് ശേഷം കോൺക്രീറ്റും ടാറിംഗും കഴിഞ്ഞാലേ അഴിയൂരിലേക്ക് ബൈപാസ് ബന്ധിക്കപ്പെടുകയുളളൂ.
സ്ഥലം എം.എൽ.എകൂടിയായ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ ഇടപെടലിനെ തുടർന്ന് ഉടൻ ശരിയാക്കാമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ടെങ്കിലും, വാക്കുപാലിക്കുന്നില്ല.30 മാസത്തിൽ തീർക്കേണ്ടുന്ന പ്രവൃത്തി2017ൽ തുടങ്ങിയ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി 30 മാസംകൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ.
പ്രളയവും കൊവിഡും കാരണം നിർമ്മാണം നീണ്ടു. ഇതിൽ പിന്നീട് പലതവണ സമയം നീട്ടി നൽകി.മഴക്കാലം കഴിഞ്ഞാൽ പ്രതീക്ഷയുണ്ട്പൂർത്തിയായി വരുന്ന സർവീസ് റോഡുകളാണ് ബൈപാസിന്റെ മറ്റൊരു സവിശേഷത.
നിർമ്മാണം പൂർത്തിയായാൽ മാഹിയിലേയും, തലശ്ശേരിയിലേയും പതിവ് ഗതാഗതക്കുരുക്കിൽ പെടാതെ വാഹനങ്ങൾക്ക് മുഴപ്പിലങ്ങാട് നിന്നും അതിവേഗം മാഹി കടന്ന് അഴിയൂരിലെത്താനാവും. ഇതിന് മഴക്കാലം കഴിയുന്നത് വരെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.
പല കാരണങ്ങൾ പറഞ്ഞ് അനന്തമായി നിർമ്മാണ പൂർത്തീകരണം നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. വീണ്ടും ഒരു ജനകീയ പ്രക്ഷോഭത്തിലേക്ക് നാട്ടുകാരെ തള്ളിവിടരുത്.ടി.എം. സുധാകരൻ, ജനശബ്ദം, മാഹി.